തൃശൂർ: ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 35,319 വിദ്യാർത്ഥികൾ. ഇതിൽ 16,342 പേർ ആൺകുട്ടികളും 18,977 പേർ പെൺകുട്ടികളുമാണ്. ജില്ലയിൽ ആകെ 259 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 83 എണ്ണം സർക്കാർ തലത്തിലും 148 എണ്ണം എയ്ഡഡ് തലത്തിലും 30 എണ്ണം അൺ എയ്ഡഡ് തലത്തിലുമാണ്. 3475 ഇൻവിജിലേറ്റർമാരെയാണ് ആകെ നിയോഗിച്ചിരിക്കുന്നത്. പരീക്ഷ ഈ മാസം 26 ന് അവസാനിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ 9.30 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഇത്തവണ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേ സമയം രാവിലെയാണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.


*സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ. 599 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്.


*ചാവക്കാട് കടപ്പുറം ഗവ. റസിഡൻഷ്യൽ ഫിഷറീസ് സ്‌കൂളിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. ഒൻപതു പേർ.


*എയ്ഡഡ് മേഖലയിൽ മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. 481 പേർ.


*12 പേർ പരീക്ഷ എഴുതുന്ന കണിമംഗലം ശ്രീനാരായണ ബോയ്‌സിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ.


*തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മാത്രം 10,062 പേരാണ് പരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കുന്നത്.


*ഇരിങ്ങാലക്കുടയിൽ 10,750 പേരും ചാവക്കാട് 14, 507 പേരുമാണ് പരീക്ഷ എഴുതുക.

*54 കേന്ദ്രീകൃത ക്യാമ്പുകളിൽ രണ്ട് ഘട്ടങ്ങളായി മൂല്യനിർണ്ണയം നടക്കും.


*ആദ്യഘട്ടം ഏപ്രിൽ രണ്ട് മുതൽ എട്ട് വരെയും രണ്ടാം ഘട്ടം 15 മുതൽ 23 വരെയുമാണ്.


ആറ് സ്‌പെഷ്യൽ സ്‌കൂളുകൾ

കുന്നംകുളം ജി എച്ച് എസ് ഡെഫ് സ്‌കൂൾ, സ്‌നേഹാലയം സി എസ് ഐ ഡെഫ് സ്‌കൂൾ കുന്നംകുളം, അമൃത സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇമ്പയേർഡ് സ്‌കൂൾ പുഴയ്ക്കൽ, കേരള കലാമണ്ഡലം, ടി എച്ച് എസ് തൃശൂർ, പടവരാട് ആശാഭവൻ എന്നിവയാണ് സ്‌പെഷ്യൽ സ്‌കൂളുകൾ. 582 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതുന്നു