തൃശൂർ: കോവിഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 256 പേർ. ഇതിൽ 39 പേർ ആശുപത്രികളിലും 217 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനയാത്ര നടത്തിയ നിന്നുളള 17 പേരെ തിരിച്ചറിഞ്ഞു. ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടു പേർ ആശുപത്രി ഐസലേഷൻ വാർഡിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്.

നാല് പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി കൺട്രോൾ റൂം ആരംഭിക്കും. യാത്രക്കാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഹ്രസ്വചിത്രങ്ങളും പ്രചരണ സാമഗ്രികളും സ്റ്റേഷനിൽ പ്രദർശിപ്പിക്കും. കോവിഡ്- 19 ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ നിർബന്ധമായും വീടുകളിൽ കഴിയേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിട്ടുളള ഹെൽപ് ഡെസ്‌കിൽ വിവരം അറിയിക്കാതെ ആരും നാട്ടിലേക്ക് മടങ്ങരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സ്വയം ചികിത്സയും ഒഴിവാക്കണം. ആഘോഷങ്ങളിലും ആൾക്കൂട്ടങ്ങളിലും ഇത്തരക്കാർ പങ്കെടുക്കുന്നത് ഒഴിവാക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ കൺട്രോൾ റൂം നമ്പറുകളിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണം. കൺട്രോൾ റൂം നമ്പറുകൾ: 04872320466, 9400408120, 9400410720,1 056, 04712552056 (ദിശ).