kkmsubregistraroffice
കുന്നംകുളം സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കുന്നു.

കുന്നംകുളം: കുന്നംകുളത്തും അക്കിക്കാവിലും കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. മാർച്ച് 31നകം സംസ്ഥാനത്ത് ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ എണ്ണം 2.5 ലക്ഷമാകുമെന്നും ലൈഫ് പദ്ധതിയ്ക്കായി 7500 കോടി രൂപയാണ് സർക്കാർ ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ വീടില്ലാത്തവർക്ക് ഫ്‌ളാറ്റ് എന്ന ആശയത്തിന് ജില്ലയിൽ മാർച്ച് 28ന് തുടക്കമാകും. 54000 കോടി രൂപയാണ് വിവിധ വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി ഫണ്ടു വഴി ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി ഫണ്ടുപയോഗിച്ച് കുന്നംകുളം മണ്ഡലത്തിൽ കുന്നംകുളം നഗരവികസനം, തുറക്കുളം മാർക്കറ്റ് നവീകരണം, താലൂക്ക് ആശുപത്രി വികസനം, കേച്ചേരി അക്കിക്കാവ് റോഡ് നിർമാണം, പഴഞ്ഞി അക്കിക്കാവ് റോഡ് നിർമാണം എന്നിവ സാക്ഷാത്ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുന്നംകുളത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷൻ വകുപ്പ് ഉത്തര മധ്യ മേഖല ഡി.ഐ.ജി എ.ജി വേണുഗോപാൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, നഗരസഭാ വൈസ് ചെയർമാൻ പി.എം. സുരേഷ്, ചൊവന്നൂർ പഞ്ചായത്തു പ്രസിഡന്റ് കെ.കെ. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

അക്കിക്കാവിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി അദ്ധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷൻ വകുപ്പ് ഉത്തര മധ്യ മേഖല ഡി.ഐ.ജി എ.ജി വേണുഗോപാൽ, പഞ്ചായത്തു പ്രസിഡന്റുമാരായ യു.പി. ശോഭന, രമണി രാജൻ തുടങ്ങിയവർ സംസാരിച്ചു.

കുന്നംകുളം സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കുന്നു.