ഗുരുവായൂർ: കൊറോണ വൈറസ് പ്രതിരോധിക്കാൻ ഗുരുവായൂർ ദേവസ്വം അടിയന്തര നടപടികൾ സ്വീകരിച്ചതായി ചെയർമാൻ കെ.ബി. മോഹൻദാസും അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യക്ഷ രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് പോലും രോഗം പകരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഭക്തജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് മൈക്കിലൂടെയും ബാനറുകൾ, ബോർഡുകൾ തുടങ്ങിയവ വഴിയും അറിയിക്കും.
ക്ഷേത്രോത്സവം നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ഭക്തജനസാന്നിദ്ധ്യം കണക്കിലെടുത്താണ് ദേവസ്വം മുൻകരുതലുകൾ എടുക്കുന്നത്. ഭക്തജനങ്ങളുടെയും ക്ഷേത്രം ജീവനക്കാരുടെയും ആവശ്യത്തിനായി ക്ഷേത്ര പരിസരത്ത് കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറ് നടകളിൽ കൈകഴുകുന്നതിന് വെള്ളവും സോപ്പും ദേവസ്വം ഏർപ്പാടാക്കിയിട്ടുണ്ട്. ആവശ്യാനുസരണം മാസ്കുകളും മരുന്നുകളും അടിയന്തരമായി വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും മെഡിക്കൽ സെന്റർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
ആശുപത്രിയിലേക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചിട്ടുള്ളതായി ചെയർമാൻ അറിയിച്ചു. ക്ഷേത്ര ദർശനത്തിനായി ഭക്തർ പ്രവേശിക്കുന്ന ക്യൂ കോംപ്ലക്‌സിന്റെ പ്രവേശ കവാടത്തിൽ സെക്യൂരിറ്റി പരിശോധന നടക്കുന്നതിന് സമീപത്ത് മുഴുവൻ സമയവും രണ്ട് ഡോക്ടർമാരെ നിരീക്ഷണത്തിനായി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.