തൃപ്രയാർ: കാലവർഷം ശക്തിയായാൽ റോഡ് തടാകമാകും. പിന്നെ കുട്ടികൾ വാഴപ്പിണ്ടിയും പ്ലാസ്റ്റിക് ഡ്രമ്മുകളും ഉപയോഗിച്ച് ചങ്ങാടമുണ്ടാക്കും. ഗതാഗതം മാസങ്ങളോളം തടസ്സപ്പെടുന്ന ഇവിടെ വയലുകളെ ബന്ധിപ്പിച്ച് പാലം നിർമ്മിച്ച് മുൻ കരുതൽ എടുത്തിരിക്കുകയാണ് തളിക്കുളം പഞ്ചായത്ത്.
തളിക്കുളത്തെ ഏറ്റവും കൂടുതൽ വയലുകൾ സ്ഥിതിചെയ്യുന്ന അമ്പലം - ആൽമാവ് വയലോരം റോഡാണ് പ്രളയത്തിനു മുമ്പേ മുങ്ങുന്നത്. വയലുകൾ പലതും നികത്തുകയും വീടുകൾ ഉയരുകയും ചെയ്തതോടെ വയലുകളെ ബന്ധിച്ചിരുന്ന തോടുകൾ കൂടി പറമ്പുകളായി മാറി. ഇതേത്തുടർന്നാണ് ഇരു വശത്തും വയലുകളുള്ള റോഡ് വയൽ നികത്തിയതിനടുത്തായി കാലവർഷത്തിൽ മുങ്ങാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയം കാൽ നട യാത്ര പോലും അസാദ്ധ്യമാക്കിക്കൊണ്ട് ജലനിരപ്പ് കൂടുതൽ ഉയർത്തി.
തോടുകളുടെ പുനഃസ്ഥാപനം പ്രയാസകരമായതോടെ റോഡിന് ഇരു വശത്തേയും വയലുകളെ ബന്ധിപ്പിച്ച് പാലം പണിത് മറ്റ് വയലുകളും തോടുകളും ഉപയോഗപ്പെടുത്തി വെള്ളം ഒഴുക്കിവിടാൻ നടപടിയെടുത്തിരിക്കുകയാണ് പഞ്ചായത്ത്.
വെള്ളം പൊങ്ങിയാൽ തോട് പൊളിക്കാൻ ശ്രമിക്കുന്ന നാട്ടിൽ മുൻ കൂട്ടിയുള്ള ആസൂത്രണമാണ് ഭരണ സമിതിയും പാലത്തിന്റെ ഇരു വശങ്ങളും ബന്ധിക്കുന്ന വാർഡുകളിലെ പഞ്ചായത്തംഗങ്ങളും നടത്തിയിരിക്കുന്നത്. ഇത് കുറെയൊക്കെ ആശ്വാസമാകുമെന്ന് നാട്ടുകാർ പറയുന്നു.വയലുകളെ ബന്ധിപ്പിക്കുന്ന പാലമായതിനാൽ വയൽ പാലം എന്ന് നാമകരണം ചെയ്തിട്ടുമുണ്ട്.