കൊടുങ്ങല്ലൂർ: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുമിഞ്ഞു കുടിയ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാത്തതിൽ ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഹരിതകർമ്മസേന വഴി ഒരോ വീട്ടിൽ നിന്നും നൂറും അൻപതും രൂപ വാങ്ങി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം നിരുത്തരവാദിത്വപരമായി പൊതുസ്ഥലത്ത് കൂട്ടിയിട്ടതിനെ തുടർന്ന് നഗരത്തിൽ കൂടി നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കൊറോണ പോലുള്ള മാരക രോഗങ്ങൾ പരക്കുന്ന സാഹചര്യത്തിൽ പോലും നഗരസഭാധികൃതർ തുടരുന്ന നിഷേധാത്മക നിലപാടുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്‌, ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറിമാരായ ജീവൻ നാലുമാക്കൽ, കെ.എസ്. ശിവറാം, സന്ധ്യ അനൂപ്, നഗരസഭാ കൗൺസിലർമാരായ ടി.എസ്. സജീവൻ, ഒ.എൻ. ജയദേവൻ, ബിന്ദു പ്രദീപ്, സ്മിത സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.