ചാലക്കുടി: പീലാർമുഴിയിൽ പുലി പ്രത്യക്ഷപ്പെട്ടു. ഇതോടെ ഒരു ഇടവേളയക്ക് ശേഷം പീലാർമുഴി വീണ്ടും പുലി ഭീതിയിലായി. ഞായറാഴ്ച രാത്രിയാണ് പലരും റബ്ബർ തോട്ടത്തിൽ പുലികളെ കണ്ടത്.

ചിറക്കൽ ലോനപ്പന്റെ കുടുംബമാണ് ആദ്യം പുലിയ കണ്ടത്. ഇവർ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പരിസരത്തെ യുവാക്കൾ ഉടനെ സ്ഥലത്തെത്തി. ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനുമുണ്ടായില്ല. നാലു വർഷം മുമ്പ് പീലാർമുഴി, കൊന്നക്കുഴി, മോതിരക്കണ്ണി തുടങ്ങിയ സ്ഥലങ്ങലിൽ പുലി ശല്യം വ്യാപകമായിരുന്നു. നിരവധി കുടുംബങ്ങളുടെ വളർത്തു മൃഗങ്ങളെ ഇവ വകവരുത്തുകയും ചെയ്തു. പലരും രാത്രി കാലങ്ങളിൽ പുലിയെ കാണുകയും ചെയ്തു. രണ്ടുമാസം മുമ്പും മേതിരക്കണ്ണി പരിസരത്ത് പുലിയ കണ്ടിരുന്നു. ഇതോടെ ഇവിടെ വനപാലകർ കെണിക്കൂടും സ്ഥാപിച്ചു. ആനകളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെ പുലിയുടെ ശബ്ദം കേട്ട പീലാർമുഴി അംഗൻവാടി പരിസരത്ത് കഴിഞ്ഞയാഴ്ച ഒമ്പത് ആനകളും എത്തിയിരുന്നു. ഇവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ മാട്ടം പലയിടത്തും ആനക്കൂട്ടം തകർത്തു. ഏറെ ഭയത്തോടെയാണ് അന്ന് നേരം വെളുപ്പിച്ചതെന്ന് തൊട്ടടുത്ത് താമസിക്കുന്ന ലോനപ്പൻ പറഞ്ഞു. പടക്കമെറിഞ്ഞും പാട്ടകൊട്ടിയുമാണ് നാട്ടുകാർ ആനകൂട്ടത്തെ ഓടിച്ചുവിട്ടത്.

മുൻകാലങ്ങളിലൊന്നും വന്യജീവികൾ ഇവിടത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് വരാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ റബ്ബർ ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്. പുലർച്ചെ റബ്ബർ ടാപ്പിംഗിന് പോകാൻ ഇവർ ഭയക്കുകയാണ്. പലരും പുലർച്ചെയുള്ള ടാപ്പിംഗ് പ്രവൃത്തികൾ നിറുത്തി വച്ചിരിക്കുകയാണ്. ഉച്ചസമയത്തും പുലിയുടെ മുരളൽ ശബ്ദം നിലച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് ഇവിടത്തുകാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

പുലിയുടെ മുരളൽ കേട്ട ഭീതിയിൽ അംഗൻവാടി അദ്ധ്യാപിക

പുലിയെ കണ്ട റബ്ബർ തോട്ടത്തിന് തൊട്ടടുത്ത അംഗൻവാടിയിലെ അദ്ധ്യാപിക റാണി തിങ്കളാഴ്ച രാവിലെ തോട്ടത്തിൽ നിന്നാണ് പുലിയുടെ അലർച്ച കേട്ടത്. ഇതോടെ വനപാലകർ സ്ഥലത്തെത്തി പരിസരത്ത് കെണിക്കൂട് സ്ഥാപിച്ചു. പുലിയെ കണ്ടില്ലെങ്കിലും അംഗൻവാടിയുടെ തൊട്ടുപിറകിൽ നിന്നും വലിയ ശബ്ദത്തോട് കൂടിയുള്ള മുരളൽ കേട്ടത് ഏറെ ഭയപ്പെടുത്തിയതെന്ന് എം.ഡി. റാണി പറയുന്നു. പതിവുപോലെ അംഗൻവാടിക്ക് മുന്നിലെത്തിയപ്പോഴാണ് പുലിയുടെ നിലക്കാത്ത ശബ്ദം കേട്ടത്. പേടിച്ചുവിരണ്ട അവർ ഒരുകണക്കിന് ഓടി അംഗൻവാടിക്കകത്ത് കയറി. കുമ്പളാമുടി വനത്തിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമാണ് അംഗൻവാടി. ആറ് കുട്ടികളാണ് ഇവിടെയുള്ളത്.