തൃശൂർ: പനി ബാധിച്ച് എത്തിയ വിദേശ മലയാളി കൊറോണ പരിശോധനയ്ക്ക് വിധേയനാകണമെന്ന ആവശ്യം നിരാകരിച്ച് വിദേശത്തേക്ക് കടന്നത് ആരോഗ്യവകുപ്പിനെ അറിയിച്ച ഡോക്‌ടറെ സ്വകാര്യ ക്ലിനിക്കിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി ഉയർന്നു. സാമൂഹിക പ്രവർത്തക കൂടിയായ ഡോ. ഷിനു ശ്യാമളനാണ് ജോലി നഷ്‌ടമായത്.
അതേസമയം, വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും രോഗി രാജ്യം വിടുന്നത് തടയാൻ ശ്രമിച്ചില്ലെന്നും ഡോ. ഷിനുവിനെതിരെ അപകീർത്തികരമായ പ്രചാരണത്തിന് നിയമനടപടി സ്വീകരിക്കുമെന്നും തൃശൂർ ഡി.എം.ഒ വ്യക്തമാക്കി.
ഡോ. ഷിനു പറഞ്ഞ രോഗി നേരത്തെ നിരീക്ഷണത്തിലായിരുന്നുവെന്നും ഡി.എം.ഒ പറഞ്ഞു.
ഡോ. ഷിനു ഫേസ് ബുക്കിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്നാണ് ഡോ. ഷിനുവിനെ പിരിച്ചുവിട്ടത്. കൊറോണ സംശയിക്കുന്നയാൾ വന്ന ക്ലിനിക്കിൽ ഇനിയാരെങ്കിലും വരുമോ എന്ന് ചോദിച്ചാണത്രേ പിരിച്ചു വിട്ടത്.
ഡോ. ഷിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
''കഴിഞ്ഞ ദിവസം ആറിനാണ് കടുത്ത പനിയുമായി ഒരാൾ ഒ.പിയിലെത്തുന്നത്. വിദേശരാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഖത്തറിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞു. ആരോഗ്യ വകുപ്പിൽ അറിയിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞു. അറിയിക്കണം എന്നു പറഞ്ഞപ്പോൾ താൽപര്യമില്ലെന്നായിരുന്നു മറുപടി. ഖത്തറിലേക്ക് മടങ്ങണമെന്നും അറിയിച്ചു.
101 ഡിഗ്രിക്ക് മുകളിൽ പനിയുണ്ടെന്നും ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്നും ആവശ്യപ്പെട്ടു.
ജനുവരി 31ന് എത്തി എന്നു പറയുന്ന ഇദ്ദേഹത്തിന്റെ വിവാഹം അതിനു ശേഷമായിരുന്നു. ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. നാട്ടിലെത്തിയപ്പോൾ കടുത്ത പനിക്ക് രണ്ട തവണ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. എന്നിട്ടും പനി മാറാത്തതിനാലാണ് ക്ലിനിക്കിലെത്തിയത്. യാതൊരു സുരക്ഷയും എടുക്കാതെയാണ് വന്നത്. പോയേ പറ്റൂ എന്നു പറഞ്ഞാണ് മടങ്ങിയത്.
ഇയാളുടെ വണ്ടിയുടെ നമ്പർ കുറിക്കാൻ ആശുപത്രി റിസപ്ഷനിൽ പറഞ്ഞു. കാര്യങ്ങൾ ഡപ്യൂട്ടി ഡി.എം.ഒ തുടങ്ങിയവരെയും വാടാനപ്പിള്ളി സി.ഐയെയും അറിയിച്ചു. വാഹനത്തിന്റെ നമ്പരിൽ നിന്ന് കിട്ടിയ വിലാസത്തിൽ നിന്ന് പഞ്ചായത്ത് മെമ്പറെ ബന്ധപ്പെട്ടപ്പോഴാണ് രോഗി രാജ്യം വിട്ടെന്ന് അറിയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞാണ് അറിഞ്ഞത് അദ്ദേഹം അവിടെ നിരീക്ഷണത്തിലാണെന്ന്.
വിദേശത്തു നിന്ന് എത്തിയിട്ട് 36 ദിവസം കഴിഞ്ഞു. പല സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് കടുത്ത പനിയുമായി എത്തിയ അദ്ദേഹത്തിൽ കൊറോണ സംശയിച്ചത് ഒരു ഡോക്ടർ എന്ന നിലയിലാണ്. സംശയം ഔദ്യോഗിക തലത്തിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിലാണ് വിഷമം.''
'' ആരോഗ്യ വകുപ്പ് കൃത്യമായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഡോ. ഷിനുവിനെതിരെ നിയമനടപടി സ്വീകരിക്കും. ആരോഗ്യവകുപ്പിനെ താഴ്‌ത്തിക്കെട്ടുന്ന പ്രചാരണം അനുവദിക്കില്ല. ''
- ഡോ. കെ.ജെ. റീന, ഡി.എം.ഒ, തൃശൂർ