ആളൂർ: കൊമ്പിടിഞ്ഞാമാക്കൽ പെട്രോൾ പമ്പിന് സമീപത്തെ ഷാപ്പിൽ കള്ളുകുടിക്കാനെത്തിയാൾക്ക് മർദ്ദനമേറ്റു. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ചോര ഛർദ്ദിച്ചതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുഴിക്കാട്ടുശേരി വെള്ളാഞ്ചിറ കുളത്തിന് സമീപം പാറേക്കാടൻ ജോയാണ് (61) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഒരു മണിയോടെ വീട്ടിലെത്തിയ ജോയ് ഷാപ്പ് ജീവനക്കാരൻ മർദ്ദിച്ചെന്ന് അമ്മയോട് പറഞ്ഞെന്ന് കുടുംബാഗങ്ങൾ പറഞ്ഞു. ചോര ഛർദ്ദിച്ച് കിടന്നിരുന്ന ജോയിയെ ആറോടെയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ 40 ഓളം വരുന്ന നാട്ടുകാരുടെ സംഘം ഷാപ്പ് അടപ്പിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് കുഴിക്കാട്ടുശേരി സെന്റ് മേരീസ് പള്ളിയിൽ നടത്തും. ഭാര്യ: ആനി. മക്കൾ: സ്‌റ്റെമി, സ്‌റ്റെഫിൻ. മരുമകൻ: സേവ്യർ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.