പുതുക്കാട്: കൈയേറ്റക്കാരുടെ നിസഹരണത്താൽ വികസനത്തിന് മുതൽക്കൂട്ടാവുന്ന ബസാർ റോഡ്, റെയിൽവേ സ്റ്റേഷൻ റേഡ് എന്നിവയുടെ വികസനം മുടങ്ങിയ നിലയിൽ. റെയിൽവേ സ്റ്റേഷൻ റോഡ് പുതുക്കാട് ജംഗ്ഷനിലേക്ക് വരുമ്പോൾ ബ്ലോക്ക് ഓഫീസ് പരിസരം വരെ ആവശ്യത്തിൽ കൂടുതൽ വീതിയുണ്ട്. ബ്ലോക്ക് ഓഫീസ് മുതൽ ജംഗ്ഷൻ വരെ റോഡിന്റെ വീതി പകുതിയാകും.

ഇരുവശങ്ങളിലുമായുള്ള വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, പള്ളി എന്നിവരുടെ കൈവശമുള്ള ഭൂമിയിൽ നിന്നും റോഡ് വികസനത്തിന് വിട്ടുനൽകാൻ തയ്യാറാകാത്തതാണ് വീതിക്കുറവിന് കാരണം. റോഡ് കൈയ്യേറി നിർമ്മിച്ച ചുമട്ടുതൊഴിലാളി യൂണിയൻ ഓഫിസ് പോലും പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ഇരുവശങ്ങളിലും കോൺക്രീറ്റ് കാനകളും റോഡ് മെക്കാഡം ടാറിംഗുമായി നവീകരിക്കാനാണ് പദ്ധതി. മഴക്കാലത്ത് വെള്ളം ഒഴുകാൻ സ്ഥലം ഇല്ലാത്തതിനാൽ ഇവിടെ റോഡിലൂടെയാണ് ഒഴുകുന്നത്. റോഡ് നവീകരണത്തോടെ റോഡിലൂടെയുള്ള വെള്ളമെഴുക്കിന് പരിഹാരം ഉണ്ടാകുമെന്ന യാത്രക്കാരുടെ പ്രതീക്ഷയും അസ്ഥാനത്തായി. സ്ഥലം ലഭിച്ചാൽ റോഡ് നിർമ്മിക്കാമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.

സമവായത്തിലൂടെ ഭൂമി ലഭ്യമാക്കി വികസനം നടത്തണമെന്ന ആഗ്രഹം പഞ്ചായത്ത് അധികൃതർക്കും ഇല്ലെന്നാണ് പരാതി. ഭൂമി അളന്ന് കൈയേറ്റം കണ്ടെത്തി സ്ഥലം ലഭ്യമാക്കണമെന്ന പൊതുജനാവശ്യത്തിന് നേരെ ബന്ധപ്പെട്ടവർ മുഖം തിരിക്കുന്നില്ല. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന ആദ്യകാലത്ത് റോഡുവക്കിൽ നിർമ്മിച്ചിരുന്ന പഞ്ചായത്ത് കിണർ വരെ നികത്തിയെടുത്ത് സ്വന്തം വസ്തുവിനോട് കൂട്ടിചേർക്കുന്ന വിധം ഇവിടെ കൈയേറ്റമുണ്ടെന്നാണ് ആരോപണം.

ഇപ്പോൾ അളക്കുമ്പോൾ കൈയ്യേറ്റം കാണാനില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. അപ്പോൾ ബ്ലോക്ക് ഓഫീസ് മുതൽ സിഗ്‌നൽ ജംഗ്ഷൻ വരെയുള്ള റോഡിന്റെ സ്ഥലം എവിടെയെന്നതിന് ആർക്കും മറുപടിയില്ല.

ഇത്രയും പ്രാധാന്യമുള്ള റോഡിന്റെ നവീകരണത്തിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ പുതുക്കാട് സിഗ്‌നൽ ജംഗ്ഷനോടു ചേർന്നുള്ള കുപ്പിക്കഴുത്ത് ഒഴിവാക്കണം. സർക്കാർ ഖജനാവിലെ കോടികൾ ചെലവാക്കിയുള്ള നിർമ്മാണ പ്രവൃത്തികൾ ആർക്കും പ്രയോജനമില്ലാതെ വരരുതെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

റെയിൽവേ സ്റ്റേഷൻ റോഡ്
പാലിയേക്കര ടോൾ ഒഴിവാക്കി പോകുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നതും ദേശീയ പാതയിൽ നിന്നും ഇരിങ്ങാലക്കുട, തൃപ്രയാർ എന്നിവിടങ്ങളിലേക്കുമുള്ള എളുപ്പവഴിയുമാണ് റെയിൽവേ സ്റ്റേഷൻ റോഡ്. കൂടാതെ താലൂക്ക് ആശുപത്രി, ഹയർ സെക്കൻഡറി സ്‌കൂൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും സഞ്ചരിക്കുന്നത് ഈ വഴിയാണ്.