കാഞ്ഞാണി: പാലാഴി ഗോതമ്പ് റോഡ് പാലം അപകടാവസ്ഥയിൽ. പാലത്തിന് വളരെ കാലപ്പഴക്കമുള്ളതിൽ ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. പാലത്തിന്റെ അടിവശം കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പെടുത്തിരിക്കുന്ന അവസ്ഥയിലും വശത്തെ ഭിത്തികൾ ഇളകി വീഴാവുന്ന നിലയിലുമാണ്. നൂറുകണക്കിന് വാഹനങ്ങളും കുട്ടികളും ഉൾപ്പെടെ ധാരാളം യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിന് മുകളിൽ ടാറിംഗ് ചെയ്തിട്ടുള്ളതിനാൽ പാലത്തിന്റെ ബലക്ഷയം തിരിച്ചറിയുന്നില്ല. ടാറിംഗ് ചെയ്തിട്ടുള്ളതിനാൽ പാലത്തിൽ വിള്ളലുകളും കാണാൻ കഴിയുന്നില്ല.

ഇതേ അവസ്ഥയാണ് മണലൂർ പഞ്ചായത്തിലെ പല പാലങ്ങളുടേയും. പാലങ്ങളിൽ എൻജിനിയർ വിഭാഗം പരിശോധന നടത്തി ബലക്ഷയം സംഭവിച്ചവ റിപ്പോർട്ട് ചെയ്ത് പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എൻജിനിയേഴ്‌സിനെ കൊണ്ട് പരിശോധിക്കണം. ഫണ്ട് മാറ്റി വച്ചിട്ടില്ല

- എം.കെ സദാനന്ദൻ (വാർഡ് മെമ്പർ)

മണലൂർ പഞ്ചായത്തിലെ പല പാലങ്ങളും അപകടഭീഷണിയിലാണ്. കാലപ്പഴക്കം ഉള്ളതാണ് പലതും. അതിനാൽ എല്ലാ പാലങ്ങളും പരിശോധിപ്പിക്കണം. പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം

- ശിവരാമൻ കണിയാംപറമ്പിൽ (ഗ്രാമവികസന സമിതി)

ഗോതമ്പ് പാലത്തിന്റെ അടിവശത്ത് കോൺക്രീറ്റ് ഇളകി കമ്പികൾ തുരുമ്പെടുത്ത നിലയിൽ