പാലപ്പിള്ളി: കന്നുകാലികളിൽ പകർച്ചവ്യാധി കണ്ടെത്തിയ പാലപ്പിള്ളിയിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധനയ്ക്കെത്തി. തിങ്കളാഴ്ച വൈകീട്ടാണ് സംഘം എത്തിയത്. പാലപ്പിള്ളി, കാരികുളം എന്നിവിടങ്ങളിൽ മേഞ്ഞുനടക്കുന്ന പശുക്കൂട്ടത്തെ സംഘം പരിശോധിച്ചു.
തോട്ടത്തിൽ മേഞ്ഞുനടക്കുന്ന പശുക്കളുടെ ഉടമകൾക്ക് ബോധവത്കരണ ക്ലാസും പരിശീലനവും നൽകും. ഇതിനായി വരന്തരപ്പിള്ളി പഞ്ചായത്തിൽ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. രോഗബാധയുള്ള പശുക്കളെ കണ്ടെത്താനാകാത്തതും ചികിത്സിക്കാനാകാത്തതുമാണ് മേഖലയിലെ പ്രശ്‌നം.

മുഴകൾ പൊട്ടി ഉണ്ടാകുന്ന വ്രണങ്ങളിൽ മരുന്ന് പുരട്ടാനാകാത്തതിനാൽ രോഗം പെരുകുന്നതിനും കാരണമാകുന്നുണ്ട്. അസുഖ ബാധയുള്ള പശുക്കളെ കണ്ടെത്തി, ചികിത്സിക്കുന്നതിന് തോട്ടങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്നും ഡോ. സോജി പറഞ്ഞു. ഡോ. ധന്യ, ഡോ. മാത്യൂസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.