മാള: കുടിവെള്ളം പോലും കിട്ടാതെ മാളയിലെ ഭരണ സിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ദുരിതത്തിൽ. ഇവിടെ കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. നൂറിലധികം ജീവനക്കാരാണ് ഇവിടെ ആറ് ഓഫീസുകളിലായി ജോലി ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങൾക്ക് മാത്രമല്ല കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ് ഈ ഭരണസിരാകേന്ദ്രം.
മുൻ വർഷങ്ങളിലും സമാനമായ അവസ്ഥയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഇവിടത്തെ കിണർ വറ്റിയതാണ് കുടിവെള്ളം മുട്ടിക്കാൻ ഇടയാക്കിയത്. കിണർ വറ്റിയതോടെ ഈ മാസം ആദ്യം തന്നെ പമ്പിംഗ് നിറുത്തിവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ വർഷങ്ങളിൽ മാള പഞ്ചായത്ത് പദ്ധതിയിൽ സിവിൽ സ്റ്റേഷനിലേക്ക് വാഹനത്തിൽ വെള്ളം എത്തിച്ചിരുന്നു. ഇപ്പോൾ പഞ്ചായത്ത് അത്തരത്തിലൊരു സംവിധാനം ആരംഭിക്കാത്തതിനാൽ വെള്ളം കിട്ടാനില്ലാത്ത അവസ്ഥയിലാണ്.
കുടിക്കാനുള്ള വെള്ളം ജീവനക്കാർ വീടുകളിൽ നിന്ന് കൊണ്ടുവരുന്നുണ്ടെങ്കിലും ഓഫീസിലെത്തുന്നവർക്ക് കുടിവെള്ളം കിട്ടാനില്ല. പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം ഇല്ലാതായിട്ടും പത്ത് ദിവസം കഴിഞ്ഞു. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ ഓഫീസ് പ്രവർത്തിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ വർഷങ്ങളിലും ഈ അവസ്ഥ ഉണ്ടായിട്ടും സ്ഥിരമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. സിവിൽ സ്റ്റേഷന്റെ പിൻഭാഗത്തുള്ള കിണറിലെ വെള്ളമാണ് പൂർണമായി ഉപയോഗിച്ചിരുന്നത്. വേനൽ തുടങ്ങുന്നതോടെ തന്നെ ഈ കിണർ വറ്റുന്നത് പതിവാണ്. വെള്ളം ലഭ്യമാക്കുന്നതിന് സ്ഥിരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.