തൃശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാർച്ച് 11, 12 തീയതികളിൽ അടച്ചിടും. രോഗവ്യാപന സാദ്ധ്യത മുന്നിൽക്കണ്ട് ഡി.ടി.പി.സിയുടെ കീഴിലുള്ള കേന്ദ്രങ്ങളും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളുമാണ് അടച്ചിടുക. നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് കളക്ടർ എസ്. ഷാനവാസ് അഭ്യർത്ഥിച്ചു.
മോട്ടോർ വാഹനവകുപ്പ് ഇന്നു മുതൽ 17 വരെ ഒരാഴ്ചത്തേക്ക് ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ടെസ്റ്റ് നടത്തേണ്ടി വന്നാൽ പങ്കെടുക്കുന്നവരും ഉദ്യോഗസ്ഥരും ആർ.ടി.ഒ. ഓഫീസുകളിൽ മറ്റാവശ്യങ്ങൾക്കായി എത്തിച്ചേരുന്നവരും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. വകുപ്പിന്റെ കീഴിലുള്ള ഏതൊരു എൻഫോഴ്‌സ്‌മെന്റ് വാഹനവും രോഗികളെ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ആശുപത്രിയിൽ കൊണ്ടുപോകാനായി ഉപയോഗിക്കാമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു.
ജില്ലയിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊതുജനം പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരെ ബോധവത്കരിക്കുന്നതിന് ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയ എല്ലാ ജീവനക്കാർക്കും ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ ബസുകാർ നൽകേണ്ടതാണ്. അതോടൊപ്പം ബസ് സ്റ്റേഷനുകളിൽ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനം നിർബന്ധമായും ബസ് സ്റ്റേഷൻ മാനേജ്‌മെന്റുകൾ ഒരുക്കണം. സ്വകാര്യ ബസുകളിലും ബസ് സ്റ്റേഷനുകളിലും കോവിഡ് 19 പ്രതിരോധ മുൻകരുതലുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് നിഷ്‌കർഷിക്കുന്ന രീതിയിലുള്ള നോട്ടീസുകൾ പതിപ്പിച്ച് സർക്കാരിന്റെ ഈ യജ്ഞത്തിൽ പങ്കാളികളാകണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കളക്ടറേറ്റിൽ
ബോധവത്കരണ ക്ലാസ്
കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ടി.വി സതീശൻ ക്ലാസെടുത്തു. വൈറസ് ബാധ എങ്ങനെ തടയാം, മുൻകരുതലുമായി ബന്ധപ്പെട്ട് ഒരോ വ്യക്തിയും പാലിക്കേണ്ട കാര്യങ്ങൾ, മാസ്‌ക്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയുടെ ശരിയായ ഉപയോഗം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.