തൃശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ 68 പേർ ആശുപത്രികളിലും 645 പേർ വീടുകളിലുമായി നിരീക്ഷണത്തിലുളളതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 32 പേർ ജില്ലയിലുളളവരാണെന്ന് ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചു. ഇതിൽ 18 പേരെയാണ് ഇതിനകം കണ്ടെത്തിയത്. നിരീക്ഷണത്തിൽ കഴിയുന്ന ആറ് പേരെ ഡിസ്ചാർജ് ചെയ്തു. 38 സാമ്പിളുകളാണ് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെൽ ആരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ദ്രുതകർമ്മസേന രൂപീകരിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുളള ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സംവിധാനം സജ്ജമാക്കി. വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രികരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുകയും തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. കോവിഡ് 19 ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ നേരിട്ട് തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി റിപ്പോർട്ട് ചെയ്യുന്നത് ആശാസ്യമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നേരിട്ട് പോകുന്നതിനു പകരം തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കോ, ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്കോ ഫോൺ വഴി റിപ്പോർട്ട് ചെയ്യണം. സംശയ നിവാരണത്തിനും തുടർ നിർദ്ദേശങ്ങൾക്കും ഈ നമ്പറുകളിൽ തന്നെ വിളിക്കാം. സമൂഹത്തിലെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർക്ക് ബോധവത്കരണ ക്ലാസുകൾ നൽകുന്നുണ്ട്.