വെള്ളിക്കുളങ്ങര: ചൊക്കന, വെള്ളിക്കുളങ്ങര റോഡിലെ പത്തരക്കുണ്ട് റോഡരികിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കൂറ്റൻ മരം. റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന കൂറ്റൻ മരം മുറിച്ചു മാറ്റണമെന്ന ആവശ്യമുന്നയിക്കുകയാണ് യാത്രക്കാർ. പത്തരക്കുണ്ടിൽ വെള്ളിക്കുളങ്ങര റിസർവ് വനത്തിനരികിലെ റോഡിലാണ് മരത്തിന്റെ അടിഭാഗം ഏറെക്കുറെ മണ്ണിന് പുറത്തായ നിലയിൽ നിൽക്കുന്നത്.
ഓരോ വർഷവും മണ്ണിടിച്ചിലുണ്ടാവുന്ന ഈ വഴിയരികിൽ ഭീകരാവസ്ഥയിൽ ചെരിഞ്ഞു നിൽക്കുന്ന മരം ഏതു നിമിഷവും മണ്ണിടിഞ്ഞ് നിലംപൊത്താവുന്ന അവസ്ഥയിലാണ്. പഴയ ട്രാംവേ ലൈൻ വഴി ഉൾക്കാട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന കാട്ടാനക്കൂട്ടം ബസ് യാത്രക്കാർക്കും, മറ്റു വാഹന യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ടാപ്പിംഗ് തൊഴിലാളികളും മറ്റ് ഒട്ടേറെ യാത്രക്കാരുമുള്ള ഈവഴിയിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ചൊക്കന, നായാട്ടുകുണ്ട് പ്രദേശവാസികൾ ആവശ്യപ്പെട്ടു.