ചാലക്കുടി: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെ ചാലക്കുടിയിലെ കോൺഗ്രസ് നേതൃത്വത്തിൽ നിലനിൽക്കുന്ന ചേരിപ്പോര് മറനീക്കി പുറത്ത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ്ജ് പക്ഷക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ സംഘടനാ തിരഞ്ഞെടുപ്പ് തോൽവി വിഷയം ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണ്.

ജനന തീയതിയിൽ കൃത്രിമം കാട്ടിയാണ് പരിയാരത്തെ അനിൽകുമാർ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതെന്ന് ആരോപിച്ചാണ് പരാതി. തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനക്കാരനായ പോട്ടയിലെ മാർട്ടിനാണ് പരാതി നൽകിയതെങ്കിലും ഇതിന്റെ പിന്നിൽ എബി ജോർജാണെന്ന കാര്യം ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. അനിൽകുമാറിന്റെ പേരിൽ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന അപേക്ഷ പൊലീസ് നിരസിച്ചെന്നാണ് അറിവ്.

വരാൻ പോകുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ എബി ജോർജ്ജ് തന്ത്രങ്ങൾ മെനയുകയാണ്. ഇത് തടയുന്നതിന് പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പനും നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇരു വിഭാഗവും രഹസ്യമായി നടത്തുന്ന നീക്കളുടെ ഉദാഹരണമാണ് സംഘടനാ തിരഞ്ഞെടുപ്പ് വിഷയം പൊലീസിൽ പരാതിയായി എത്തിയ സംഭവം. മുന്നേറ്റം ശക്തമാക്കുന്നതിനിടെ ബ്ലോക്ക് പ്രസിഡന്റ് പക്ഷത്തിന് ഏറ്റ കനത്ത പ്രഹരമായി മാറി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ ഭൂരിപക്ഷം കൗൺസിലർമാരും തങ്ങളുടെ പ്രതിഷേധം എബി ജോർജ്ജിനെ അറിയിച്ചിട്ടുണ്ട്.