ആരോഗ്യപ്രവർത്തകരെ ഫോണിൽ ബന്ധപ്പെടാൻ നിർദ്ദേശം
കൊടുങ്ങല്ലൂർ: പ്രവാസികൾ , നാട്ടിലെത്തുന്നതോടെ, ആശുപത്രിയിൽ ഹാജരാകുന്നത് ജീവനക്കാരിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കെത്തുന്ന തദ്ദേശീയരിലും ആശങ്കയുളവാക്കുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പലരും എത്തുന്നത്. തീരമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഏതാനും പ്രവാസികൾ എയർപോർട്ടിൽ നിന്നും നേരിട്ടെത്തിയിരുന്നു.
സർക്കാർ ആശുപത്രികളിൽ കൊറോണ ടെസ്റ്റ് നടത്തുന്നുണ്ടെന്ന ധാരണയിലാണ് ഇവരിൽ ചിലർ ആശുപത്രികളിലെത്തിയത്. മേഖലയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മാത്രം മൂന്ന് ദിവസത്തിനിടയിൽ ആറ് പ്രവാസികൾ നാട്ടിലിറങ്ങിയ പാടെ, എത്തി. ഇതോടെ നാട്ടുകാർക്കിടയിലുണ്ടായ കൊറോണപ്പേടി ആരോഗ്യ പ്രവർത്തകരെയും ബാധിച്ചു. ഇതോടെ രാജ്യത്തിന് പുറത്ത് നിന്നും എത്തുന്നവർ നേരിട്ട് ആശുപത്രിയിലെത്തുന്നത് ഒഴിവാക്കണമെന്നും, ഫോൺ മുഖേന ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.