കൊടുങ്ങല്ലൂർ: വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് തെറിച്ചു വീണ കെ.എസ്.ഇ.ബി ജീവനക്കാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ കെ.എസ്.ഇ.ബി സെക്ഷനിലെ വർക്കർ ഊർക്കോലിൽ പ്രകാശനാണ് ഷോക്കേറ്റ് പോസ്റ്റിൽ നിന്നും വീണത്. ചന്തപ്പുര ഉഴുവത്ത് കടവിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ലൈൻ ഓഫാക്കിയെന്ന് ഉറപ്പാക്കിയിരുന്നെങ്കിലും പോസ്റ്റിന് മുകളിലൂടെ വലിച്ചിട്ടുള്ള 11 കെ.വി കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് സൂചന. കൈയിൽ പൊള്ളലേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ പ്രഥമ ശുശ്രൂഷ നൽകിയ പ്രകാശനെ പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.