ഗുരുവായൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഇനിയുള്ള ദിവസങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോറോണ ജാഗ്രതയുടെ ഭാഗമായുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് ആഘോഷം ഒഴിവാക്കുന്നത്. ഉത്സവത്തിന്റെ പ്രസാദ ഊട്ടും രണ്ടു നേരങ്ങളിലായുള്ള ദേശപ്പകർച്ചയും നിറുത്തിവെച്ചു. ഉത്സവ കലാപരിപാടികളെല്ലാം റദ്ദാക്കി. ഉത്സവ ചടങ്ങുകൾക്കായുള്ള നാമമാത്ര വാദ്യം മാത്രമേ ഉണ്ടാകൂ. ആനകളുടെ എണ്ണത്തിലും കുറവുണ്ടാകും. പള്ളിവേട്ടക്ക് ഭക്തർ വേഷമണിഞ്ഞ് ഓടുന്നത് അനുവദിക്കില്ല. ദേവസ്വം വകയായി ആചാരപരമായ ഒരു പന്നി വേഷം മാത്രമേ ഉണ്ടാകൂ. പള്ളിവേട്ടയ്ക്കും ആറാട്ടിനും വാദ്യഘോഷങ്ങളോടെയുള്ള പുറത്തേക്കെഴുന്നെള്ളിപ്പ് ഒഴിവാക്കി ചടങ്ങ് മാത്രമായാണ് നടത്തുക. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണ സമയത്ത് ക്ഷേത്രപരിസരങ്ങളിൽ പറവെയ്ക്കുന്നത് അതതു സംഘടനകളും കുടുംബങ്ങളും സ്വയം നിയന്ത്രിക്കേണ്ടതാണെന്ന് ചെയർമാൻ പറഞ്ഞു. വിവാഹം, ചോറൂൺ എന്നിവ ചടങ്ങ് മാത്രമായി നടത്താൻ ഭക്തർ ശ്രദ്ധിക്കണം. തന്ത്രിയുമായി ചർച്ച ചെയ്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഭക്തർ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്. ആനത്താവളത്തിൽ സന്ദർശകരരെ നിരോധിച്ചിട്ടുണ്ട്. വാദ്യ വിദ്യാലയം, കലാനിലയം എന്നിവയ്ക്കും അവധി നൽകി. ദേവസ്വം ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി പ്രശാന്ത്, കെ. അജിത്, കെ.വി ഷാജി, ഇ.പി.ആർ വേശാല, അഡ്മിനിസ്ട്രേറ്റർ എസ്.വി ശിശിർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.