ചാലക്കുടി: പീലാർമുഴിയിൽ പുലിഭീതി പടരുന്നു. കഴിഞ്ഞ ദിവസം നാലുപേർ പുലിയെ കണ്ടതായി പറഞ്ഞു. സന്ധ്യ നേരത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്ന പീലാർമുഴി സ്വദേശികളായ സുരാജ്, ശ്യാം എന്നിവരാണ് അമ്പത് മീറ്റർ അകലെ റബ്ബർ തോട്ടത്തിൽ നിൽക്കുന്ന പുലിയ കണ്ടത്. ഭയന്നുവിറച്ച ഇവർ ബൈക്കിൽ നിന്നും താഴെ വീണു.

അര മണിക്കൂറിനു ശേഷം ബൈക്ക് യാത്രക്കാരായ ഉണ്ണിച്ചെക്കൻ, ആദർശ് എന്നിവരും പുലിയെ കണ്ടതായി വെളിപ്പെടുത്തി. ഇതോടെ നാട്ടുകാരുടെ ഭീതി പതിന്മടങ്ങ് വർദ്ധിച്ചു. ഏക്കർ കണക്കിന് വിസ്തീർമുളള റബ്ബർ തോട്ടത്തിലാണ് പുലി തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടുത്തെ റോഡ് വിജനമാണ്. ഇക്കാരണത്താൽ ഇതിലൂടെ പകൽനേരത്തും സഞ്ചരിക്കാൻ ആളുകൾ ഭയപ്പെട്ടു തുടങ്ങി.

ഇതിനിടെ കെണിക്കൂട് സ്ഥാപിച്ച പ്രദേശത്ത് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ രവീന്ദ്രന്റെ നേതൃത്വത്തിൽ വനപാലകർ പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും നിരീക്ഷണം ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.