പാവറട്ടി: മുല്ലശ്ശേരി താണവീഥി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി നാരായണൻകുട്ടിയും മേൽശാന്തി സി.പി. ഷാജി ശാന്തിയും മുഖ്യ കാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് ശേഷം അയപ്പസേവാ സംഘം, കലിംഗ പൂരാഘോഷ കമ്മിറ്റി, താണവീഥി വോളി ബോയ്സ്, കരിമ്പനപ്പടി ഉത്സവാഘോഷ കമ്മിറ്റി എന്നിവയുടെ ദേശ പൂരങ്ങൾ ക്ഷേത്രനടയിൽ എത്തി. വൈകീട്ട് അഞ്ചിന് കൂട്ടി എഴുന്നള്ളിപ്പിൽ കുറുപ്പത്ത് ശിവശങ്കരൻ ഭഗവാന്റെ തിടമ്പേറ്റി. മേളത്തിന് ഹരിയും സംഘവും നേതൃത്വം നൽകി.
ഉത്സവത്തിന് മാറ്റുകൂട്ടി കൊണ്ട് ദീപാരാധനയ്ക്ക് ശേഷം വെൽവിഷേഴ്‌സ് ക്ലബ്ബ്, വയലോരം ക്ലബ്ബ്, യുസേന, ഡിഫൻസ് ക്ലബ്ബ്, എച്ച്.ഡബ്ലിയു.കെ.എസ് ക്ലബ്ബ്, വോളി ബോയ്‌സ്, യുചേതന എന്നിവയുടെ നേതൃത്വത്തിൽ കാവടി, തെയ്യം, ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ എന്നിവ കാവേറ്റം നടത്തി.
ഉത്സവാഘോഷങ്ങൾക്ക് ക്ഷേത്രസമിതി ഭാരവാഹികളായ കടവിൽ ഉണ്ണിരി (പ്രസിഡന്റ്), വി.എ. പുരുഷോത്തമൻ (സെക്രട്ടറി), വി.എ. സുബ്രഹ്മണ്യൻ (ട്രഷറർ) എന്നിവർ നേതൃത്വം നൽകി. 17നാണ് നടതുറപ്പ് ഉത്സവം.