മാള: മാള സിവിൽ സ്റ്റേഷനിൽ വെള്ളമില്ലാത്തത് റവന്യു വകുപ്പിന്റെ അനാസ്ഥ കാരണമാണെന്ന് ആക്ഷേപം. വെള്ളം ലഭിക്കുന്നതിന് നടപടിക്രമങ്ങൾ പാലിക്കാത്ത റവന്യു വകുപ്പാണ് ഇതിന് ഉത്തരവാദിയെന്നാണ് ആക്ഷേപം ഉയരുന്നത്. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് ഭൂഗർഭ ജല വകുപ്പിന്റെ കിണർ ഉണ്ടെന്നും അത് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തയ്യാറായിട്ടില്ലെന്നും വാർഡ് മെമ്പർ ടി.കെ. ജിനേഷ് പറഞ്ഞു. ജലനിധി കണക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ ചെറിയ തുക അടച്ച് അപേക്ഷ നൽകാനും റവന്യു വകുപ്പ് തയ്യാറായിട്ടില്ല. ഇവരുടെ അനാസ്ഥയിൽ മിനി സിവിൽ സ്റ്റേഷനിലെ അഞ്ച് ഓഫീസുകളിലെ ജീവനക്കാരാണ് ദുരിതത്തിലായിട്ടുള്ളത്. കുഴൽക്കിണർ നിർമ്മിക്കുന്നതിനുള്ള ആവശ്യവും പരിഗണിച്ചിട്ടില്ല. വെള്ളം ലഭിക്കുന്നതിനുള്ള സ്ഥിരം സംവിധാനത്തിന് സമർപ്പിച്ച നിർദേശങ്ങളൊന്നും പാലിക്കുന്നതിന് റവന്യു വകുപ്പ് തയ്യാറായിട്ടില്ലെന്ന് വാർഡ് മെമ്പർ വ്യക്തമാക്കി.