ചെറുതുരുത്തി: എസ്. എസ്.എൽ.സി പരീക്ഷ എഴുതി കൊണ്ടിരുന്ന വിദ്യാർത്ഥിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ഇന്നലെ രാവിലെ ചെറുതുരുത്തി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ചെറുതുരുത്തി അത്തിക്ക പറമ്പ് കുളമ്പുമുക്ക് കൂമുള്ളപറമ്പിൽ റസാഖിന്റെ മകൻ ഹംസയ്ക്കാണ് (14) പരിക്കേറ്റത്.
ക്ലാസിലേക്ക് ഓടിക്കയറിയ നായ മുൻബെഞ്ചിൽ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന ഹംസയെ കടിക്കുകയായിരുന്നു. ബെഞ്ചിന്റെ അറ്റത്തിരുന്ന ഹംസ നായയെ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വിരലിൽ പരിക്കേറ്റത്. കുട്ടിയെ ഷൊർണൂരിലെ ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പ് നടത്തിയശേഷം സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതിച്ചു. പിന്നീട് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ഒരു ഐ.എൻ.ടി.യു.സി തൊഴിലാളിക്കും കടിയേറ്റിരുന്നു.