കൊടകര: മെൻ ആൻഡ് വിമൺ ഇന്റർകോളീജിയറ്റ് സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും രണ്ട് വെങ്കലവും നേടി കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫസ്റ്റ് റണ്ണേഴ്‌സപ്പായി. പാലക്കാട് കൊഴിഞ്ഞാമ്പാറ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നാല് മത്സരയിനങ്ങളിലും സ്വർണ്ണം കൊയ്ത തൃശൂർ കുരിയച്ചിറ സ്വദേശി അക്‌സ പോൾ, ഒരു സ്വർണ്ണവും രണ്ട് വെങ്കലവും കരസ്ഥമാക്കി മത്സരത്തിൽ ഏറ്റവും വേഗമേറിയ താരം എന്ന പട്ടം സ്വന്തമാക്കിയ കൂർക്കഞ്ചേരി സ്വദേശി ഹരിശങ്കർ എന്നിവരാണ് സഹൃദയയെ വിജയത്തിലേക്ക് എത്തിച്ചത്.
ഇതാദ്യമായാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ കന്നിയങ്കത്തിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. കൂനംപ്‌ളാക്കൽ പോളിന്റെയും ഷിജിയുടെയും മകളായ അക്‌സ രണ്ടാം വർഷ ഊർജ്ജതന്ത്ര വിദ്യാർത്ഥിനിയാണ്. രണ്ടാംവർഷ ഭൂമിശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ ഹരിശങ്കർ കുന്നമത്ത് രവീന്ദ്രന്റെയും ബീനയുടെയും മകനാണ്.
അധികം വൈകാതെ തന്നെ ദേശീയതലത്തിൽ കളിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് തൃശൂരിന്റെ ഈ രണ്ടു താരങ്ങളും. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, സ്‌പോർട്‌സ് ഡയറക്ടർ ഫാ. സെബിൻ എടാട്ടുക്കാരൻ, പ്രിൻസിപ്പൽ ഡോ. പി.ഒ. ജെൻസൺ എന്നിവർ ഇവരെ അനുമോദിച്ചു.