മാള: ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളുടെ സംഘത്തിൽ മാള സ്വദേശികളായ ദമ്പതികളും രണ്ട് മാസം പ്രായമുള്ള കുഞ്ഞും. മാള കടിച്ചീനി ഫിജോയും ഭാര്യയും കുഞ്ഞുമാണ് രണ്ട് ദിവസമായി വിമാനത്താവളത്തിൽ കഴിയുന്നത്. നാട്ടിലേക്ക് വരാൻ സർക്കാർ അനുവദിക്കുന്നില്ലെന്നാണ് ഇറ്റലിയിലെ സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ആരോഗ്യ വകുപ്പിന്റെ പരിശോധനകളുമായി സഹകരിക്കുമെന്നാണ് ഇവർ പറയുന്നത്. ഇറ്റലിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ ഇറ്റലിയിലേക്ക് പോയി പരിശോധനകൾ നടത്തി മാത്രമേ ഇവരെ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയൂവെന്നാണ് വിവരം. നടപടികൾ വേഗത്തിലാക്കി മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമിക്കണമെന്ന ആവശ്യം ശക്തമായി.