തൃപ്രയാർ: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിനായി നാട്ടിക പഞ്ചായത്തിൽ പ്രത്യേക യോഗം ചേർന്നു. പഞ്ചായത്ത് മെമ്പർമാർ, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ, അന്യ സംസ്ഥാന തൊഴിലാളികളുടെ കോൺട്രാക്ടർമാർ, അന്യ സംസ്ഥാന തൊഴിലാളികൾ ജോലിയിൽ ഉള്ള സ്ഥാപനത്തിലെ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു നിർദേശങ്ങൾ നൽകി. മെഡിക്കൽ ഓഫീസർ റഹീന മാവുങ്ങൽ കൊറോണ വൈറസിനെ കുറിച്ച് ക്ലാസ് എടുത്തു. വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ഇന്ദിര ജനാർദ്ദനൻ, ബിന്ദു പ്രദീപ്, കെ.വി. സുകുമാരൻ, പി.എം. സിദ്ദിഖ്, സി.ജി. അജിത്കുമാർ, സജിനി ഉണ്ണിയാരം പുരക്കൽ, വി.എം. സതീശൻ, പഞ്ചായത്ത് സെക്രട്ടറി സാബു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സരേഷ് ശങ്കർ, ആശാ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു. റിസോർട്ടുകൾക്ക് വിദേശികളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം നൽകി. ഒരു കാരണവശാലും അതിഥികളെ പുറത്ത് വിടരുതെന്നും ആരെയും പുതിയതായി കൊണ്ട് വരരുതെന്നും നിർദ്ദേശിച്ചു. ലോഡ്ജ്, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഉള്ളവരെ നിരീക്ഷിക്കും. പുതിയ തൊഴിലാളികളെ കൊണ്ടുവരരുതെന്നും വ്യാപ്യാരികൾക്കും കോൺട്രാക്ടർമാർക്കും നിർദ്ദേശം നൽകാനും നോട്ടീസ് നൽകാനും സെക്രട്ടറിയോട് നിർദ്ദേശിച്ചു.