തൃശൂർ: കഴിഞ്ഞവർഷം ഏറെ വിവാദമായ മോശം റേഷൻ മട്ട വീണ്ടും എത്തുന്നു. ചാവക്കാട് താലൂക്കിലെ കുന്നംകുളം എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് കൊണ്ടുവന്ന മട്ട അരിയിൽ രണ്ട് ലോഡ് ചെള്ള് നിറഞ്ഞതിനാലാണ് തിരിച്ചയച്ചത്. രണ്ട് ലോഡ് മട്ടയരി സ്വകാര്യ മില്ലിലേക്ക് തന്നെ തിരിച്ചയച്ചു.

യാതൊരു വിധ ഗുണമേന്മയുമില്ലെന്ന കാരണത്താലാണ് ഗോഡൗണിലേക്ക് കൊണ്ടുവന്ന മട്ടയരി തിരിച്ചയച്ചതെന്ന് ഗോഡൗൺ അധികൃതർ വ്യക്തമാക്കി. ജില്ലയിലെ വിവിധ എൻ.എഫ്.എസ്.എ ഗോഡൗണിലേക്കും വന്ന മട്ട അരിയുടെ ഗുണമേന്മയും ചാക്കിൽ തൂക്കക്കുറവുമുണ്ടെന്ന് പരാതിയുയർന്നിരുന്നു. ചില ഗോഡൗൺ ചുമതല ഉദ്യോഗസ്ഥർക്ക് ഈ തൂക്കക്കുറവ് പരാതിയായി ഉന്നയിച്ചിരുന്നു.

തൂക്കത്തിൽ കുറവുള്ള അരിയുടെ കാശ് പണമായി മില്ലുടമ നൽകുന്നതായും അങ്ങനെ പരാതി പിൻവലിക്കുകയാണ് പതിവെന്നും ആരോപണമുണ്ട്. പാലക്കാട്ടെ സ്വകാര്യ മില്ലിൽ നിന്നും സപ്ലെകോ പാഡി മാർക്കറ്റിംഗ് ഓഫീസർ വിഭാഗം തലവൻ ഗുണമേന്മ പരിശോധിച്ച് ഉറപ്പു വരുത്തിയ അരിയാണ് തിരിച്ചയച്ചത്.

ലോഡിൽ വ്യാപകമായി പുഴുവിനെ കണ്ടെത്തുകയായിരുന്നു. പുഴു നിറഞ്ഞ അരിയുടെ പരിശോധന നടത്തിയ പാഡി മാർക്കറ്റിംഗ് ഓഫീസറുടെ നടപടി ഇതോടെ വിവാദമായി. പാലക്കാട്ടെ പാഡി മാർക്കറ്റിംഗ് ഓഫീസർക്കെതിരെ വ്യാപക പരാതിയുയർന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ നിന്നും കഴിഞ്ഞ മാസാവസാനം തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. കഴിഞ്ഞ വർഷം വിവാദമായ മോശം മട്ട അരിയിൽ മില്ലുടകൾക്ക് അനുകൂല നിലപാടാണ് അധികൃതർ കൈക്കൊണ്ടത്.