തൃശൂർ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം 31 വരെ തൃശൂർ ജില്ലയിലെ എല്ലാവിധ ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളോഘോഷങ്ങളും നിറുത്തിവെച്ച് ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്താൻ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ വനംവകുപ്പിന്റെ അനുമതിയില്ല. അതേസമയം, ആചാരപരമായി അത്യാവശ്യമാണെങ്കിൽ മാത്രം ഒരു ആനയെ എഴുന്നള്ളിക്കാം. ഉത്സവങ്ങളുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികൾക്ക് അനുമതിയില്ല. ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാവശ്യമായ നിർദ്ദേശം ബന്ധപ്പെട്ട ആഘോഷ കമ്മിറ്റികൾ നൽകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥനകൾ കഴിയുന്നതും ഒഴിവാക്കണം. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലങ്ങളിൽ വിവിധ ആഘോഷ കമ്മിറ്റികളുടെ യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ, തൃശൂർ റൂറൽ അഡീഷനൽ എസ്.പി. ടി.കെ. സുബ്രഹ്മണ്യൻ, വനംവകുപ്പിന്റെ പ്രതിനിധി സുമു സ്‌കറിയ, കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ പ്രതിനിധി കെ. മഹേഷ്, കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധി വത്സൻ ചമ്പക്കര തുടങ്ങിയവർ പങ്കെടുത്തു