കോണത്തുകുന്ന്: കോവിഡ് -19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന അടിയന്തര യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ അജിത്ത്, ശ്രീലക്ഷ്മി അഭയ് എന്നിവർ ഈ വിഷയത്തെ അധികരിച്ച് ക്ലാസെടുത്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഉണ്ണിക്കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന മജീദ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുധൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലത വാസു, തോമസ് കോലങ്കണ്ണി, വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പിലെയും, ബ്ലോക്ക് പഞ്ചായത്തിലെയും ജീവനക്കാരും പാലിയേറ്റീവ് കെയറിലെ സന്നദ്ധപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. കോവിഡ് -19 വൈറസ് ബാധയെ കുറിച്ചുള്ള ലഘുലേഖ മുഴുവൻ ജനങ്ങൾക്കിടയിലും വിതരണം ചെയ്യുന്നതിനും ബ്ലോക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് മൈക്ക് പ്രചരണം നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്നവരെ കണ്ടെത്തി വേണ്ട രീതിയിലുള്ള നിർദ്ദേശങ്ങൾ നൽകുവാൻ യോഗത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി.