തൃശൂർ : കോവിഡ് 19 ലക്ഷണം കൂടുതൽ പേരിൽ കണ്ടെത്തിയതോടെ സർക്കാർ പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശം ഉൾക്കൊണ്ട് ജനം അതീവ ജാഗ്രതയിൽ. തൃശൂരിലെ ഉത്സവ സീസണിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവാഘോഷങ്ങൾ എല്ലാം തന്നെ മാറ്റി വെയ്ക്കാൻ ക്ഷേത്ര കമ്മിറ്റികൾ തീരുമാനിച്ചു. പലരും സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിർദ്ദേശം അനുസരിച്ച് ചടങ്ങുകളിലേക്ക് മാത്രം ആഘോഷം ഒതുക്കി. കലാപരിപാടികൾ, വാദ്യാഘോഷങ്ങൾ എന്നിവ ഉപേക്ഷിച്ചു. ആനകളുടെ എണ്ണത്തിലും കുറവ് വരുത്തി. പലരും ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം നീട്ടിവെച്ചു. നിട്ടീവെയ്ക്കാൻ സാധിക്കാത്തവ ചടങ്ങുകളാക്കി. വിവാഹ സദ്യകളും പാർട്ടികളും ഉപേക്ഷിച്ചു. നാടിന്റെ പൊതു നന്മയ്ക്കായി സർക്കാർ തീരുമാനം പാലിക്കുന്നുവെന്ന് ഇവർ പറഞ്ഞു.
ജില്ലയിൽ ഇതുവരെ ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് തൃശൂർ ജില്ലയിലാണ്. അത് കൊണ്ട് ശക്തമായ ജാഗ്രതയാണ് പുലർത്തുന്നത്.
തിരുവമ്പാടിയിൽ ചടങ്ങ് മാത്രം
തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവുത്സവത്തിലെ ക്ഷേത്രത്തിന് പുറത്തുള്ള ആഘോഷം ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പള്ളിവേട്ട ദിവസം കാലത്തെ എഴുന്നള്ളിപ്പിനും പള്ളിവേട്ട - ആറാട്ട് എഴുന്നള്ളിപ്പുകൾക്കും ഒരാനയേ ഉണ്ടാവുകയുള്ളൂ. വാദ്യ വിശേഷങ്ങളും കുറയും.
ദേവസ്വം ബോർഡ് ആഘോഷം ഉപേക്ഷിച്ചു
കൊച്ചിൻ ദേവസ്വം ബോർഡിന് കിഴീലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ചടങ്ങു മാത്രമായി നടത്താൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. 31 വരെയുള്ള ആഘോഷങ്ങളാണ് പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ക്ഷേത്രങ്ങളിലെ അന്നദാനങ്ങളും പള്ളികളിലെ ഊട്ടുതിരുന്നാളും ഉപേക്ഷിച്ചു. പതിനായിരങ്ങൾ എത്തുന്ന ആറാട്ടുപുഴ പൂരത്തോട് അനുബന്ധിച്ചുള്ള പുറപ്പാടുകൾ ഈ മാസം അവസാനമാണ് നടക്കുന്നത്. ഇതെല്ലാം ചടങ്ങായി നടത്താനാണ് നിർദ്ദേശം. ഏപ്രിൽ അഞ്ചിനാണ് ആറാട്ടുപുഴ പൂരം.
ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാവും വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. മ്യൂസിയം, മൃഗശാല എന്നിവയിൽ പ്രവേശനം ഉണ്ടാവില്ല.
തേക്കിൻക്കാട്ടിൽ ആളൊഴിഞ്ഞു
സർക്കാർ നിർദ്ദേശം പാലിച്ച് തേക്കിൻക്കാട്ടിൽ കൂട്ടം ചേർന്നുള്ള ഇരുപ്പ് ആളുകൾ ഉപേക്ഷിച്ചു. തേക്കിൻകാട്ടിലെ ചീട്ടുകളിയും നിറുത്തി. ബസുകളിൽ ആളുകൾ കുറവാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ആളുകൾ യാത്ര ചെയ്യുന്നത്. എല്ലാ സ്ഥലങ്ങളിലും മുൻകരുതലെന്ന നിലയിൽ കൊറോണ ബോധവത്കരണ ബോർഡുകൾ സന്നദ്ധ സംഘടനകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. സാഹിത്യ അക്കാഡമിയിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി..
വ്യാജ പ്രചരണങ്ങൾ
പല സ്ഥലങ്ങളിലും കൊറോണ ഉണ്ടെന്ന തരത്തിൽ വ്യാജ പ്രചരണം ഇപ്പോഴും നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്നില്ലെങ്കിലും പൊതു ഇടങ്ങളിലാണ് ഭീതിപരത്തുന്ന വിധത്തിൽ സംസാരിക്കുന്നത്. വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.