ചാലക്കുടി: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വിഷയം പരാതിയായി പൊലീസ് സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ പുറത്ത് പ്രകടമായ പാർട്ടി നേതാക്കളുടെ ഗ്രൂപ്പ് വഴക്ക് മറ്റു തലങ്ങളിലേക്കും വ്യാപിക്കുന്നു. തമ്മിലടിക്കുന്ന നഗരസഭയിലെ രണ്ടു പ്രമുഖ നേതാക്കളെ വെട്ടിനിരത്തി മറ്റുള്ളവരെ അവരോധിക്കാൻ ജില്ലാ നേതാക്കൾ നടത്തുന്ന തന്ത്രങ്ങൾക്കും ഇതോടെ ആക്കം കൂടി.
ചില ജില്ലാ നേതാക്കൾ നടത്തിയ ഓപറേഷനാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് തിരഞ്ഞെടുപ്പിൽ വിജയം കണ്ടത്. ഇതിൽ മാനം പോയത്, ചാലക്കുടിയിലെ പ്രമുഖ ഗ്രൂപ്പ് നേതാക്കൾക്കും. എ, ഐ ഗ്രൂപ്പുകളിൽ ഇല്ലാത്ത പരിയാരത്തെ അനിൽകുമാർ വിജയിച്ചതിനു പിന്നിൽ ജില്ലാ നേതാവായ ജോസ് വള്ളൂർ പ്രവർത്തിച്ചതാണെന്നാണ് അണിയറക്കഥ. ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ കിടമത്സരത്തിന് ഇതോടെ പുതിയ മാനം കൈവന്നു.
പോട്ടയിലെ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥി മാർട്ടിനെ പിന്തുണച്ചത്, ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജായിരുന്നു. എബിയുടെ ബദ്ധവൈരിയായ നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പനും യൂത്തന്മാരുടെ തിരഞ്ഞെടുപ്പിൽ മാർട്ടിനുവേണ്ടി പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച പൈലപ്പൻ വിഭാഗത്തിലെ കെ.കെ. അനിലാലും മാർട്ടിനും ഒത്തൊരുമിച്ച പാനലായിരന്നു ചാലക്കുടിയിലെ ഐ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഇതിനായി എബി ജോർജ്ജും പൈലപ്പനും രഹസ്യ ധാരണയുമുണ്ടാക്കി.
എന്നാൽ വിമതനായ അനിൽകുമാർ വിജയിച്ചത് ഇവർക്ക് കനത്ത തിരിച്ചടിയായി. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയുടെ വോട്ടുകൾപോലും തങ്ങൾക്ക് ലഭിച്ചിട്ടും ഗ്രൂപ്പ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിലെ അപകടം ഇവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. എബിയെയും പൈലപ്പനെയും ഒഴിവാക്കി മറ്റു നേതാക്കളെ രംഗത്തുകൊണ്ടുവന്ന് അടുത്ത നഗരസഭാ ഭരണം പിടിക്കാനുള്ള ലക്ഷ്യം കൂടി പുതിയ തന്ത്രത്തിനു പിന്നിലുണ്ട്. ഇവരുടെ കിടമത്സരം തുടർന്നാൽ എൽ.ഡി.എഫ് ഭരണം ആവർത്തിക്കുമെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
രണ്ടു ദിവസം മുമ്പ് നഗരസഭാ ഓഫീസിൽ പോട്ടയിലെ വനിതാ കൗൺസിലർ നിരാഹാരം ഇരുന്നത് ഗ്രൂപ്പ് വഴക്കിന്റെ മറ്റൊരു തലമായിരുന്നുവെന്ന് പറയുന്നു. വാർഡിലെ റോഡിനു വേണ്ടി റീന ഡേവീസിനെ ഉപവാസത്തിലേക്ക് എത്തിച്ചത് എബി ജോർജ്ജായിരുന്നു. ഇതോടെ രണ്ടാം വാർഡ് കൗൺസിലർ ചാലക്കുടിയിൽ ശ്രദ്ധാകേന്ദ്രമായി മാറി. പൈലപ്പൻ വിഭാഗത്തിലുള്ള മുൻ ചെയർപേഴ്‌സൺ ആലീസ് ഷിബുവിനെ ഒതുക്കാൻ മെനഞ്ഞ എബിയുടെ ഉപവാസ തന്ത്രം വിജയം കണ്ടത്, എതിർ വിഭാഗത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.