പാവറട്ടി: കോവിഡ് 19 പ്രതിരോധിക്കാൻ പ്രഥമ നിർദേശമായ കൈകഴുകൽ സൗകര്യമൊരുക്കി എളവള്ളി ജലനിധി മാതൃക. എളവള്ളി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിനു മുൻവശത്താണ് പൊതുജനങ്ങൾക്ക് കൈകഴുകാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവർക്കും ബസ് യാത്ര കഴിഞ്ഞ് എത്തുന്നവർക്കും ഇതിന്റെ ഗുണം ലഭിക്കും.
റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പുകളിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിന് 200 ലിറ്റർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. ജലനിധിയിൽ നിന്നും കണക്‌ഷൻ എടുത്ത് ഫ്‌ളോട്ടിംഗ് വാൽവ് ഘടിപ്പിച്ചാണ് ജലവിതരണം നിയന്ത്രിക്കുന്നത്. ഇന്നലെ വൈകീട്ട് എടുത്ത തീരുമാനത്തിന്റെ ഭാഗമായി രാത്രിയിൽ ഏറെ വൈകിയും ജലനിധി സെക്രട്ടറി പി.എം. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അടിയന്തര പ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്നു തന്നെ പദ്ധതി ജനങ്ങൾക്ക് ഉപകാരപ്രദമായത്.
കേരളത്തിലെ സമ്പൂർണ്ണ കൈ കഴുകൽ സാക്ഷരതാ ഞ്ചായത്തായി എളവള്ളിയെ തെരഞ്ഞെടുത്തിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക നിർവ്വഹിച്ചു. ജലനിധി പ്രസിഡന്റ് പി.കെ. സുലൈമാൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബി.ആർ. സന്തോഷ്, സി.എഫ്. രാജൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജി. സുബിദാസ്, ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജലനിധി സെക്രട്ടറി പി.എം. ജോസഫ്, ടി.കെ. ചന്ദ്രൻ, പി.വി. അശോകൻ, ഗീത മോഹനൻ എന്നിവർ പ്രസംഗിച്ചു.