കയ്പമംഗലം: റോഡ് പുനർനിർമ്മാണത്തിന്റ ആദ്യ ഘട്ടത്തിൽ തന്നെ ക്രമക്കേടെന്ന് ആക്ഷേപം. പെരിഞ്ഞനം പഞ്ചായത്തിലെ ഏഴാം വാർഡ് നേതാജി റോഡിന്റെ റീടാറിംഗിനോട് അനുബന്ധിച്ചാണ് നാട്ടുകാരുടെ പരാതി.
വർഷങ്ങളായി പെരിഞ്ഞനം ചക്കരപ്പാടം റോഡിൽ നിന്നുള്ള ഒരു കീലോമീറ്റർ നീളം വരുന്ന നേതാജി റോഡ് തകർന്നു കിടന്നിട്ട്. ഈ മേഖലയിലെ രണ്ട് സ്‌കൂളുകളിലേക്കും വാഹനങ്ങളും, വിദ്യാർത്ഥികളും, നാട്ടുകാരുമടക്കും നൂറുകണക്കിനാളുകൾ പോകുന്ന വഴിയാണ് ഇത്.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ ഉപയോഗിച്ചാണ് 400 മീറ്റർ റോഡ് റീ ടാർ ചെയ്യാനുള്ള പദ്ധതി ആരംഭിച്ചത്. ഇതിനായി ആദ്യം ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ച് അതിൽ വെറ്റ് മിക്‌സ് നിരത്തി. എന്നാൽ എസ്റ്റിമേറ്റിൽ ഉള്ള കണക്കിനേക്കാളും കുറവ് മെറ്റീരിയൽ ഉപയോഗിച്ചാണ് അഞ്ച് ദിവസമായി വർക്ക് നടത്തിയതെന്ന ആക്ഷേപവുമായി നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. റോഡു പണിക്ക് വേണ്ട മെറ്റീരിയലുകൾ എവിടെയെങ്കിലും സ്‌റ്റോക്ക് ചെയ്തതായി കണ്ടില്ലെന്നും മെറ്റീരിയലുകളുടെ അളവ് നോക്കാതെയാണ് അഞ്ച് ദിവസമയി പണിനടന്നതെന്നും പണിനടക്കുന്ന സമയത്ത് അധികൃതരുടെ ശ്രദ്ധവേണമെന്നും നാട്ടുകാർ ആവശ്യപെട്ടു.