ചേലക്കര: ചേലക്കര അന്തിമഹാകാളൻകാവ് വേല മഹോത്സവത്തോട് അനുബന്ധിച്ച് വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ചേലക്കര സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെ പറയെടുപ്പ് നടന്നു. ആചാരപരമായും നിയമപരമായും കഴിഞ്ഞ എട്ടു മാസം മുൻപ് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി നിലനിൽക്കുമ്പോഴാണ് മറ്റൊരു കമ്മിറ്റിക്ക് വൻ പൊലീസ് സന്നാഹത്തോടെ പറയെടുക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തതെന്ന് വെങ്ങാനെല്ലൂർ ചേലക്കോട് ദേശ വേലക്കമ്മിറ്റി പ്രസിഡന്റ് ഗോപി ചക്കുന്നത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.

പറയെടുപ്പിന് വേണ്ടി ജില്ലാ പൊലീസ് കമ്മിഷണർ, ചേലക്കര സർക്കിൾ ഇൻസ്‌പെക്ടർ, ദേവസ്വം ബോർഡ് എന്നിവർക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകി കാത്തിരിക്കുമ്പോഴാണ് പൊലീസ് ക്ഷേത്രമതിലിനകത്ത് കയറി ആചാരലംഘനം നടത്തി ഏകപക്ഷീയമായി വിമത കമ്മിറ്റിയെ കൊണ്ട് പറയെടുപ്പിച്ചതെന്നും ഗോപി ചക്കുന്നത്ത് ആരോപിച്ചു. ചരിത്രത്തിലാദ്യമായി പൊലീസ് അകമ്പടിയോടെ പറയെടുപ്പ് നടത്തിയത് ദേശവാസികളുടെയും ഭക്തജനങ്ങളുടെയും വിശ്വാസത്തിന് വലിയ മുറിവേൽപ്പിച്ചെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്തവർ ആരോപിച്ചു.

ഗോപി ചക്കുന്നത്ത് (പ്രസിഡന്റ്), പരുത്തിക്കാട് രാമകൃഷ്ണൻ നായർ (രക്ഷാധികാരി), മങ്ങാട് രാജഗോപാലൻ (ട്രഷറർ), വെള്ളത്തീരി രാമകൃഷ്ണൻ നായർ, വടക്കില്ലം സുബഹ്മണ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.