പാവറട്ടി: ശുദ്ധജല വിതരണ രംഗത്ത് ചരിത്രം സൃഷ്ടിച്ച എളവള്ളി പഞ്ചായത്ത് ജലനിധി പദ്ധതിയുടെ മാതൃക ഇനി കോട്ടയത്തേക്കും. കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമ പഞ്ചായത്തിലാണ് ജലനിധി പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനം പഠിക്കാൻ അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ. ആലിച്ചൻ, വൈസ് പ്രസിഡന്റ് കെ.പി. ചെല്ലപ്പൻ, എസ്.എൽ.ഇ.സി പ്രസിഡന്റ് മാത്യൂസ് കുര്യൻ, എൻജിനിയർ അനിത കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എളവള്ളി ജലനിധിയിൽ എത്തി.
ജലനിധി കമ്മിറ്റി ഭാരവാനികളായ പ്രസിഡന്റ് പി.കെ. സുലൈമാൻ, സെക്രട്ടറി പി.എം. ജോസഫ്, വൈസ് പ്രസിഡന്റ് ജയപ്രകാശ്, പഞ്ചായത്ത് മെമ്പർമാരായ സി.എഫ്. രാജൻ, ആലീസ് പോൾ, ഷൈനി സതീശൻ എന്നിവർ ജലനിധിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അയ്മനം ഗ്രാമ പഞ്ചായത്തിൽ 3954 വീടുകളിൽ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ അറിയിച്ചു.