കൊടുങ്ങല്ലൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ ഭരണി മഹോത്സവം വിപുലമായി നടത്താതെ ആചാരങ്ങളും ചടങ്ങുകളും മാത്രമായി പരിമിതപ്പെടുത്തുവാൻ ധാരണയായി. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലെടുത്ത ഈ ധാരണയ്ക്ക് പിറകെ, കൊച്ചിൻ ദേവസ്വം ബോർഡും ഇതേ തീരുമാനം കൈക്കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിച്ചു.

കൊറോണ ഭീഷണിയുള്ള സാഹചര്യത്തിൽ ഭരണി മഹോത്സവത്തിന് ഭക്തർ കൂട്ടത്തോടെ പങ്കെടുക്കുന്നത് വഴിയുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു തീരുമാനം. ഭരണി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള ജനപ്രവാഹം സാധാരണ നിലയിലാണെങ്കിൽ കോഴിക്കല്ല് മൂടലോടെയാണ് ആരംഭിക്കുക. ഇക്കുറി മാർച്ച് 20നാണ് കോഴിക്കല്ല് മൂടൽ. കഴിഞ്ഞ 29 നാണ് ഭരണി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള ചെറുഭരണി കൊടിയേറ്റ് നടന്നത്. വടക്കൻ മലബാറിൽ നിന്ന് പ്രത്യേകിച്ചും സംസ്ഥാനത്തിന് പുറത്തു നിന്നുമൊക്കെ ജനസഹസ്രങ്ങൾ കൊടുങ്ങല്ലൂരിലെത്തുക ഭരണിമഹോത്സവത്തിനാണ്. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ, തഹസിൽദാർ കെ. രേവ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണൻ, ദേവസ്വം ഓഫീസർ യഹുലദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷ്, എസ്.ഐ കെ.ആർ ബസന്ത്, കൊടുങ്ങല്ലൂർ കോവിലകത്തെ വലിയതമ്പുരാന്റെ പ്രതിനിധി സുരേന്ദ്രവർമ്മ, വിവിധ കക്ഷി നേതാക്കളായ എം.കെ മാലിക്, കെ.ആർ വിദ്യാസാഗർ, യൂസഫ് പടിയത്ത്, എം.ആർ നായർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു...