ഏങ്ങണ്ടിയൂർ: നിരവധി രോഗികൾ വരുന്ന ഏങ്ങണ്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ടാമത്തെ ഡോക്ടറെ നിയമിക്കുന്നതിൽ കാലതാമസം വരുത്തുന്ന അധികൃതരുടെ നടപടിയിൽ എങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ചേറ്റുവയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ മെഡിക്കൽ ഓഫീസറായ ഒരു ഡോക്ടറുടെ സേവനമാണ് ലഭ്യമാകുന്നത്. ആഴ്ച്ചയിൽ മൂന്നുദിവസം മറ്റ് ചുമതലകളുള്ള മെഡിക്കൽ ഓഫീസർക്ക് ആശുപത്രിയിൽ വരാൻ കഴിയാറില്ല. ഇതിനെ തുടർന്ന് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മറ്റൊരു ഡോക്ടറെ കൂടി നിയമിക്കാൻ ഉത്തരവുണ്ടായത്. എന്നാൽ ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിച്ച ഡോക്ടർ ചുമതല ഏറ്റെടുത്ത ഉടനെ തന്നെ അവധിയിൽ പ്രവേശിക്കുകയായിരുന്നു. പകരം ഡോക്ടറെ നിയമിക്കാനുള്ള ചുമതല പഞ്ചായത്ത് ഭരണസമിതിക്കാണ്. കൊറോണ വൈറസിനെ തുടർന്ന് പരിഭ്രാന്തരായി ആശുപത്രിയിൽ കൂടുതൽ രോഗികളെത്തുന്ന സാഹചര്യത്തിൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിസംഗത തുടർന്നാൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പണിക്കശേരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എ ഗോപാലകൃഷ്ണൻ, എ.സി. സജീവ്, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കൊട്ടിലിങ്ങൽ, സി.വി തുളസീദാസ്, ഫാറൂഖ് യാറത്തിങ്കൽ, ഷാജി തുഷാര, പി.ടി അബ്ദുറഹിമാൻ, ഡേവിസ് പുലക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.