കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിലവിൽ കൊറോണ ബാധിതരായി ആരുംതന്നെ ഇല്ലെന്ന് നഗരസഭയും ആരോഗ്യ വകുപ്പും വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിൽ ഏഴ് പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിലാർക്കും തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ് 19 മായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ മുന്നറിയിപ്പ് നൽകി. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ വ്യാഴാഴ്ച കൗൺസിൽ ചേരുമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭയിലെ പഞ്ചിംഗ് സംവിധാനം ഒഴിവാക്കിയതായും, നഗരത്തിലെ വഴിയോര കച്ചവടത്തിന് കർശന നിയന്ത്രണമേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു, വൈറസ് ബാധയ്ക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതായും ചെയർമാൻ പറഞ്ഞു.

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത കൈവരിക്കുന്നതിന്റെ ഭാഗമായി എറിയാട് പഞ്ചായത്തിൽ നിരീക്ഷണ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ ചെയർപേഴ്‌സണായും മെഡിക്കൽ ഓഫീസർ ഭുവനേശ്വരി, വൈസ് പ്രസിഡന്റ് എം.കെ. സിദ്ദിഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ആശവർക്കർമാർ, ഡോ. മിഥു കെ. തമ്പി, ഡോ. നിഷാന്ത് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.

അഴീക്കോട് മുസിരിസ് ബീച്ചിൽ പൊതുജനങ്ങൾ കൂട്ടമായെത്തുന്നത് കർശനമായി നിയന്ത്രിക്കും. മാസ്കുകൾക്ക് വില കൂട്ടി നൽകുന്ന മെഡിക്കൽ ഷോപ്പുകൾക്ക് എതിരെ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. വിദേശത്തു നിന്നു വരുന്നവർ അതാത് വാർഡുകളിലെ മെമ്പർമാരുടെ അടുത്തോ ആശാവർക്കർമാരുടെ അടുത്തോ റിപ്പോർട്ട് ചെയ്യണം. ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഓഡിറ്റോറിയങ്ങൾക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ടി.ഡി. ഭാനുമതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സിദ്ദിഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുഗത ശശിധരൻ, അഡ്വ. വി.എ. സബാഹ്, അംബിക ശിവപ്രിയൻ, സെക്രട്ടറി എം.ബി. ഷീല എന്നിവർ പങ്കെടുത്തു.