തൃശൂർ: മലയോര സംരക്ഷണ സമിതി കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച അനിശ്ചിതകാല നിരാഹാര സമരം കോവിഡ് 19മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ താത്കാലികമായി മാറ്റി. സർക്കാർ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് സമരം അവസാനിപ്പിച്ചത്. കണ്ണ് തുറക്കാത്ത അധികാരികൾ കണ്ണ് തുറക്കാനും കൊറോണ രോഗ ഭീതിക്കിടെ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചും സർവമത പ്രാർത്ഥനയോടെയുമാണ് സമരം അവസാനിപ്പിച്ചത്. സമിതി രക്ഷാധികാരി ജോർജ്ജ് കണ്ണംപ്‌ളാക്കൽ മെഴുകുതിരി കത്തിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.കെ ജോർജ്ജ്, ലീഗൽ അഡൈ്വസർ ഷാജൻ കോടങ്കണ്ടത്ത്, കോർ കമ്മിറ്റി അംഗങ്ങളായ സോണി സാബു, ശശി, വി.കെ ഗോപി, ബെന്നി ജോയ്, തോമസ് ചെമ്മാങ്കണ്ടം തുടങ്ങിയവർ സംസാരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ ദീപം തെളിച്ചു. മലയോര കർഷകർക്ക് ഉപാധികരഹിത പട്ടയം നൽകണമെന്നും സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂടുതൽ ശക്തിയോടെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.