എരുമപ്പെട്ടി: ചാവക്കാട് ചേറ്റുവയിൽ അമ്മയും മകളും പുഴയിൽ ചാടി. അമ്മയുടെ മൃതദേഹം കണ്ടെത്തി. എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി വീട്ടിൽ വേലായുധൻ മാഷുടെയും ഭാർഗവിയുടെയും മകൾ രജിനിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. മകൾ ശ്രീഭദ്രയ്ക്കായി (13) പൊലീസ് തെരച്ചിൽ തുടരുകയാണ്. വൈകീട്ട് നാലോടെയാണ് ഇവർ പുഴയിൽ ചാടിയത്. പുഴയരികിൽ ചെരിപ്പും, ബാഗും, മൊബൈൽ ഫോണും കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നീട് നാട്ടുകാരും, കോസ്റ്റൽ പൊലീസും, ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ തുടങ്ങി.

ഏഴോടെ അടിത്തിരുത്തിയിലാണ് രജിനിയുടെ മൃതദേഹം കണ്ടെത്തിയത്. നിറുത്തിയിട്ടിരുന്ന വഞ്ചികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു ജഡം. എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീഭദ്ര. ഇന്നലെ ഉച്ചയോടെ രജനി മകളുടെ ക്ലാസ് ടീച്ചറെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് സൂചന നൽകിയിരുന്നു. അദ്ധ്യാപിക ഈ വിവരം പ്രധാനാദ്ധ്യാപകൻ വഴി എരുമപ്പെട്ടി പൊലീസിൽ അറിയിച്ചു. പൊലീസ് ഇവർ വാടകയ്ക്ക് താമസിക്കുന്ന അക്കിക്കാവ് തിപ്പലശേരിയിലുള്ള വീട് കണ്ടെത്തി. ഭർത്താവ് സുനിൽ രാജ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മകളും ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതായി ഇയാൾ അറിയിച്ചു.

ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് കുന്നംകുളം പൊലീസ് വഴി മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്ന് ഇവർ ചേറ്റുവയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് അവിടെയെത്തുമ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. രജനി ലോട്ടറി തൊഴിലാളിയാണ്. രജനിയുടെ രണ്ടാമത്തെ ഭർത്താവാണ് സുനിൽ രാജ്. ആദ്യ ഭർത്താവ് ആറങ്ങോട്ടുകര സ്വദേശി സുരേഷ്. ശ്രീഭദ്രയും മൂത്ത സഹോദരി സുവർണ്ണയും സുരേഷിന്റെ മക്കളാണ്. സുവർണ്ണയുടെ വിവാഹം കഴിഞ്ഞു. പത്ത് വർഷമായി സുനിൽ രാജിനോടൊപ്പമാണ് രജനിയും ശ്രീഭദ്രയും കഴിയുന്നത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.