തൃശൂർ: കൊറോണയെ നേരിടാനുള്ള ജാഗ്രതാ നിർദ്ദേശം ലംഘിച്ച് നടന്ന സി.ഐ.ടി.യു ജില്ലാ ജനറൽ കൗൺസിൽ യോഗം ജില്ലാ കളക്ടർ ഇടപെട്ട് നിറുത്തിച്ചു. ഇന്നലെ രാവിലെ സാഹിത്യ അക്കാഡമി ഹാളിലാണ് 200ലേറെപ്പേർ പങ്കെടുത്ത പരിപാടി നടത്തിയത്.
പരാതി വന്നതോടെ യോഗം നിറുത്തിവയ്ക്കാൻ നിർദേശിച്ച കളക്ടർ, നേതാക്കളിൽ നിന്ന് വിശദീകരണം തേടി. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ ദിവാകരനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കളക്ടർ ഇടപെട്ട ശേഷവും പരിപാടി തുടർന്നതായും ആരോപണമുയർന്നു.
സുരക്ഷാ മുൻകരുതൽ സ്വീകരിച്ചാണ് പരിപാടിയെന്നും, ആരോഗ്യ വിദഗ്ദ്ധരെ വേദിയിൽ നിയോഗിച്ചിട്ടുണ്ടെന്നും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സി.ഐ.ടി.യു വളണ്ടിയർമാർ രംഗത്തുണ്ട്. കളക്ടർക്ക് മറുപടി നൽകിയിട്ടുണ്ട്. അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. സി.ഐ.ടി.യു. നേതൃത്വത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷും കെ.എസ്.യു ജില്ലാ നേതാക്കളും കളക്ടർക്ക് പരാതി നൽകി.