ചാലക്കുടി : മലയാള സിനിമയിലെ ഇതിഹാസമായിരുന്ന നടൻ തിലകന്റെ മൂത്ത മകനും സീരിയൽ നടനുമായ എലിഞ്ഞിപ്ര പാലപുരത്ത് വീട്ടിൽ ഷാജി തിലകൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2ന് വീട്ടുവളപ്പിൽ നടക്കും. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പേരാമ്പ്ര അപ്പോളോ ടയേഴ്‌സിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് കൊല്ലം സ്വദേശിയായ ഷാജി തിലകൻ ചാലക്കുടിയിൽ 20 വർഷം മുമ്പ് താമസമാക്കിയത്.
ഏതാനും വർഷം മുമ്പ് ഷാജി കലാരംഗത്ത് എത്തി. അനിയത്തി അടക്കം മൂന്നു സീരിയലുകളിൽ പ്രമുഖ വേഷം കൈകാര്യം ചെയ്തു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം അഭിനയത്തിൽ സജീവമാകാനിരിക്കെയാണ് അന്ത്യം.
എലിഞ്ഞിപ്ര എസ്.എൻ.ഡി.പി ശാഖയിലെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഇന്ദിര. മകൾ: അഭിരാമി. അമ്മ: ശാന്ത. സഹോദരങ്ങൾ: നടൻ ഷമ്മി തിലകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഷോബി തിലകൻ, സോണിയ തിലകൻ, ഷിബു തിലകൻ, സോഫിയ തിലകൻ എന്നിവർ സഹോദരങ്ങളാണ്.