വടക്കേക്കാട്: അകലാട് ഒറ്റയിനി ബീച്ചിൽ വിധവയായ വീട്ടമ്മയെയും കുടുംബത്തെയും തീയിട്ടു കൊല്ലാൻ ശ്രമം. അകലാട് കാട്ടിലെ പള്ളി ബീച്ചിൽ കാരാട്ട് നസീമയുടെ ഓലക്കുടിലാണ് ബുധനാഴ്ച അർദ്ധരാത്രി തീയിട്ടത്. നസീമയും എട്ടും, ആറും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളും 70 വയസ്സായ ഉമ്മയും ഉറങ്ങിക്കിടക്കുന്ന സമയത്താണ് സംഭവം.
കുടിലിന്റെ വാതിലും ഇവരുടെ അയൽവാസികളായ ബിലാൽ - ഫാത്തിമ ദമ്പതിമാരുടെ വീടിന്റെ വാതിലും പുറമെ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. മോട്ടോർ പമ്പിന്റെ പൈപ്പും വിച്ഛേദിക്കപ്പെട്ട നിലയിൽ കണ്ടതിനാലാണ് ഇവരെ മനഃപൂർവം കൊലപ്പെടുത്താൻ ചെയ്തതാണെന്ന് നസീമ ആരോപിക്കുന്നത്.
ഏകദേശം ഒരുമണിയോടെ അകത്തു വെളിച്ചം കണ്ടപ്പോൾ നസീമ തന്നെയാണ് തീ കത്തുന്നത് കണ്ടത്, ഉടൻ കുഞ്ഞുങ്ങളെയും മാതാവിനെയും വലിച്ചു വാതിൽ തള്ളിത്തുറന്നു പുറത്തു കടന്നു നിലവിളിച്ചു ആളെ കൂട്ടുകയായിരുന്നു. ആളുകൾ ഓടിക്കൂടി വീടുകളിൽ സംഭരിച്ചു വച്ച വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. നാലു വർഷം മുമ്പ് ഭർത്താവ് മരിച്ച നസീമ പലരുടെയും സഹായത്താലാണ് കുടുംബം പോറ്റുന്നത്, ചോർന്നൊലിച്ചിരുന്ന ഓലക്കുടിൽ നാട്ടുകാരുടെ സഹായത്താലാണ് കഴിഞ്ഞ മഴക്കാലത്ത് ടാർപോളിൻ ഷീറ്റ് വച്ച് മറച്ചത്. ഭാഗികമായി കത്തിനശിച്ച വീട്ടിൽ ഇനി താമസിക്കാൻ ഭയമാണെന്നു നസീമ പറയുന്നു. പുറമ്പോക്കിൽ കഴിയുന്ന നസീമ മക്കളെയും വൃദ്ധയായ മാതാവിനെയും കൊണ്ട് എവിടെ പോകുമെന്ന ചിന്തയിലാണ്.
വടക്കേക്കാട് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.