തൃശൂർ ; കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരസ്പര സമ്പർക്കം പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകിയിരിക്കേ, പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനം തടസപ്പെടാതിരിക്കാൻ ബദൽ സൗകര്യമൊരുക്കുകയാണ് ജില്ലാ ഭരണകൂടം. വിവിധ ആവശ്യങ്ങൾക്ക് ജില്ലാ കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിക്കേണ്ടി വരുന്നവർക്ക് അത്തരം ആവശ്യം ഉന്നയിക്കാനും പരാതികൾ സമർപ്പിക്കാനും നേരിട്ട് ഓഫീസുകൾ കയറേണ്ടതില്ല.
പകരം, പ്രത്യേകമായി സജ്ജമാക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളിലേക്കോ ഇ മെയിൽ വിലാസത്തിലേക്കോ തങ്ങളുടെ ആവശ്യങ്ങളും പരാതികളും സന്ദേശമായി അയ്ക്കുന്നതിന് ജില്ലാ ഭരണകൂടം സൗകര്യമേർപ്പെടുത്തി. കോവിഡ് ഭീതി മറികടക്കുന്നതു വരെയാണ് ഈ സൗകര്യം. കളക്ടറേറ്റിലും റവന്യൂ വകുപ്പിന്റെ ഓഫീസുകളിലും വിവിധ ആവശ്യങ്ങൾക്ക് എത്തിച്ചേരുന്നവർ തമ്മിലുള്ള പരസ്പര സമ്പർക്കം ഒഴിവാക്കുന്നതിനും രോഗവ്യാപന സാദ്ധ്യത തടയുന്നതിനുമാണ് വാട്‌സ് ആപ്പ് സൗകര്യമൊരുക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
ജില്ലാ കളക്ടറുടെയും റവന്യു വകുപ്പിന്റെയും ഇടപെടലുകളും തുടർ നടപടികളും ആവശ്യമുളള കാര്യങ്ങളിൽ ജനങ്ങളുടെ പരാതിയോ അപേക്ഷയോ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ചാൽ മതി. വീഡിയോ കോൾ വഴിയും അറിയിക്കാം. ഇ മെയിലായും അപേക്ഷകൾ നൽകാം. ഇവ നേരിട്ടുളള അപേക്ഷയായി കണക്കാക്കി അതിൽ തുടർനടപടി സ്വീകരിക്കും. അതേ സമയം കോടതി നിർദ്ദേശപ്രകാരമുളള ഹിയറിംഗ് കേസുകളിൽ നേരിട്ട് ഹാജരാകേണ്ടി വരും. ജില്ലാ കളക്ടർ, ഇരിങ്ങാലക്കുട തൃശൂർ ആർ.ഡി.ഒമാർ, എഴ് തഹസിൽദാർമാർ എന്നിവർക്കാണ് ഇപ്രകാരം അപേക്ഷകൾ നൽകാൻ കഴിയുക. ജില്ലാ കളക്ടർക്ക് അപേക്ഷ അയക്കേണ്ട വാട്‌സ് ആപ് നമ്പർ: 9400044644. ഇമെയിൽ വിലാസങ്ങൾ: strcoll.ker@nic.in (കളക്ടറേറ്റ്), thlrstr.ker@nic.in (തൃശൂർ താലൂക്ക്), thlrtpy.ker@nic.in (തലപ്പിളളി താലൂക്ക്), thlrmkm.k-er@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.k-er@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂർ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gm-ail.com (തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ്), rdoijk.rev@keral-a.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ്).