manalur
മണലൂർ പുത്തൻകുളം റോഡിൽ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു


കാഞ്ഞാണി: അറ്റകുറ്റപണി ചെയ്യുന്ന കരാറുകാർ സമരത്തിലായതോടെ മണലൂരിന്റെ വിവിധഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം പുഴയായ് ഒഴുകുന്നു. കഴിഞ്ഞ മാസം രണ്ടുമുതൽ കാരാറുകാർ സമരത്തിലാണ്. ഒന്നരവർഷമായിട്ടും ചെയ്ത ജോലിയുടെ പണം കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ അനിശ്ചിതകാല സമരം നടത്തുന്നത്. ഇതിനിടയിലാണ് മാമ്പുള്ളി എടത്തറ, മണലൂർ പുത്തൻ കുളം എന്നിവടങ്ങളിലെ പൈപ്പുകൾ പൊടി കുടിവെള്ളം ഒഴുകുന്നത്.

ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിനംപ്രതി ഒഴുകി പാഴായി പോകുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പൊട്ടിയ പൈപ്പിലൂടെ ചെളികലരുന്നതിനാൽ വീടുകളിൽ ചെളിവെള്ളമാണ് കിട്ടുന്നതെന്നും പരാതികളുണ്ട്.
മറ്റുപഞ്ചായത്തുകളിലും കരാറുകാരുടെ സമരം ബാധിച്ചിട്ടുണ്ട്. നാട്ടുകാർ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും കുടിവെള്ളം പാഴായി പോകുന്നതിന് പരിഹാരമായില്ലെന്ന് പറയുന്നു. സമരം നോട്ടീസ് നൽകി തുടങ്ങിയ സാഹചര്യത്തിൽ പൈപ്പ് പൊട്ടുമ്പോൾ കുടിവെള്ളം പാഴായി പോകാതിരിക്കാൻ വേണ്ട മുൻകരുതൽ വാട്ടർഅതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നത് വീഴ്ചയായാണ് പറയുന്നത്.

..................

മാർച്ച് രണ്ടു മുതൽ അറ്റകുറ്റപണി ചെയ്യുന്ന കരാറുകാർ സമരത്തിലാണ്. ഒന്നരവർഷമായി ചെയ്ത ജോലിയുടെ പണം കിട്ടിയിട്ട്.
- ബോസ് പൊറ്റേക്കാട്ട് (കരാറുകാരൻ)

..........................
പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്നത് ഫോൺ വഴി കഴിഞ്ഞ വെള്ളിയാഴ്ച വാട്ടർ അതോറിറ്റി അതികൃതരെ അറിയിച്ചിരുന്നു. അധികൃതർ വന്നു നോക്കിയെങ്കിലും ഇപ്പോഴും പരിഹാരമായില്ല. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും പാഴാകുന്നത്.
- ടോണി പൊറുത്തൂര് (പരിസരവാസി)

..........................
അറ്റകുറ്റപണികൾ ഇന്ന് മുതൽ ചെയ്യും. കരാറുകാർ സമരത്തിലായിരുന്നു. കൊറോണ കാരണം സമരം പിൻവലിച്ചിട്ടുണ്ട്.
- ജോണ (അസി.എൻജിനിയർ, വാട്ടർ അതോറിറ്റി)