കൊടുങ്ങല്ലൂർ: കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ- ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും നിലനിൽക്കുന്നുണ്ടെങ്കിലും കൊടുങ്ങല്ലൂരിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും താലൂക്കാശുപത്രിയിൽ ഏഴ് പേരെ പ്രവേശിപ്പിച്ചിട്ടുള്ളത് നിരീക്ഷണത്തിലാണെന്നും ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.
ഹോട്ടലുകൾ ഉച്ചയ്ക്കുശേഷം അണുനശീകരണം നടത്തണം. വീഴ്ച്ച വരുത്തവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ നടപടി എടുക്കും. നഗരത്തിലുള്ള സിനിമാ തിയറ്ററുകളുടെ പ്രവർത്തനം നിറുത്തി വെപ്പിച്ചു. പാരലൽ - ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. നഗരസഭാ ഓഫീസിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിറുത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ കർശനമായ പരിശോധനകൾ നടത്തും. വാർഡുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാവർക്കർമാരും ചേർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകും. ഉത്സവങ്ങൾ, വിവാഹങ്ങൾ എന്നിവ ചടങ്ങുകൾ മാത്രമായി നടത്തണം. ടൗൺഹാളിലും കമ്മ്യൂണിറ്റി ഹാളിലും പുതിയ ബുക്കിംഗ് സ്വീകരിക്കില്ല. ഹെൽത്ത് വിഭാഗം ജീവനക്കാർ പൂർണമായും ഫീൽഡിൽ തന്നെ ഉണ്ടാകണം. വിദേശങ്ങളിൽ നിന്നും വരുന്നവർ പെട്ടെന്നു തന്നെ ആരോഗ്യവകുപ്പ് മേധാവികളുമായി അടിയന്തരമായി ബന്ധപ്പെടണം. വ്യാജ പ്രചരണങ്ങളും തെറ്റായ വാർത്തകളും നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ടി.വി. റോഷ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ഗായത്രി, ഡോ. മിനു ജോർജ്ജ്, സെക്രട്ടറി ടി.കെ. സുജിത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.