എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന തെറ്റായ പ്രചരണം പരിഭ്രാന്തിക്കിടയാക്കുന്നു. പഞ്ചായത്തിൽ 40 പേർ നിരീക്ഷണത്തിലുണ്ടെന്ന വാർത്ത തെറ്റായ രീതിയിൽ പ്രചരിക്കുന്നതാണ് പരിഭ്രാന്തി പരത്തുന്നത്. വിദേശത്ത് നിന്ന് എത്തിയ 40 പേർ സ്വാഭാവിക നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾക്ക് പോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും ആരോഗ്യ വകുപ്പും, പഞ്ചായത്തും അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 പേർ നിരീക്ഷണത്തിലുണ്ടെന്ന വിവരം പഞ്ചായത്ത് യോഗത്തിന്റെ വാർത്താക്കുറിപ്പിൽ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ചില മാദ്ധ്യമങ്ങളിൽ ഇത് വാർത്തയായി വന്നു. എന്നാൽ വാർത്തയിലുള്ള വിവരം കൃത്യമായി മനസിലാക്കാതെ എരുമപ്പെട്ടിയിൽ കൊറോണ ബാധിച്ചവർ 40 പേരെന്ന തരത്തിലാണ് വലിയ രീതിയിൽ പ്രചരണം നടക്കുന്നത്.

പഞ്ചായത്ത് പരിധിയിലുള്ള ഒരു വ്യക്തി മാത്രമാണ് വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രാഥമിക നിരീക്ഷണത്തിലുള്ളത്. ചുമയുള്ളതിനാലാണ് ഇദ്ദേഹത്തെ നിരീക്ഷിക്കുന്നത്. മറ്റ് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേ സമയം വിദേശങ്ങളിൽ നിന്നെത്തിയവരോട് 14 ദിവസം വീടുകളിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായുള്ള നിരീക്ഷണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പും, എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളും ആവശ്യപ്പെടുന്നു.

പരിഭ്രാന്തി വേണ്ട

എരുമപ്പെട്ടിയിൽ 40 പേർക്ക് കൊറോണ ബാധയുണ്ടെന്ന പ്രചരണം തെറ്റ്

നിരീക്ഷണത്തിലുള്ളവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന്

പഞ്ചായത്ത് പരിധിയിൽ ആശുപത്രിയിൽ ഐസൊലേഷനിൽ ഒരാൾ മാത്രം

ഐസൊലേഷനിലുള്ളയാൾക്ക് ലക്ഷണങ്ങളില്ല, ചുമയുള്ളതിനാൽ പരിശോധന

വിദേശത്ത് നിന്നെത്തിയവരോട് 14 ദിവസം വീടുകളിൽ കഴിയാൻ നിർദേശം

നിരീക്ഷണത്തിലുള്ളവർ പൊതുജന സമ്പർക്കം പാടില്ല. സർക്കാർ നിർദ്ദേശപ്രകാരം എല്ലാ പൊതുപരിപാടികളും ദേവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പരിപാടികളും നിറുത്തിവച്ച് സഹകരിക്കണം.

- മീന ശലമോൻ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ്

വിദേശത്ത് നിന്നും ജില്ലയ്ക്ക് പുറത്തു നിന്നും വരുന്നവർ ഉടൻ ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം. ആഹാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ബുദ്ധിമുട്ടുണ്ടായാൽ അതിനുള്ള സൗകര്യവും എത്തിച്ചു നൽകും. പ്രചരണങ്ങളിൽ പരിഭ്രാന്തരാകാതെ കൊറോണ വൈറസിനെ നേരിടാൻ കരുതലോടെയും ജാഗ്രതയോടെയും സഹകരിക്കണം.

- ആരോഗ്യവകുപ്പ്