പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരനെ ടോൾ പ്ലാസ ജീവനക്കാരൻ മർദിച്ചതിനെ തുടർന്ന് സ്വകാര്യ ബസുകൾ ടോൾ പ്ലാസയിൽ നിറുത്തിയിട്ടു. പാലപ്പിള്ളി തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കംബയിൻ ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് മർദ്ദനമേറ്റത്.
ടോൾ ബൂത്തിലെ ക്യൂവിൽ പത്ത് മിനിട്ടോളം കാത്തുകിടന്നിട്ടും കടന്നുപോകാനാകാത്തതിനെ തുടർന്ന് ബസ് ജീവനക്കാരൻ ടോൾ ബൂത്ത് തുറന്ന് കൊടുക്കാൻ ശ്രമിച്ചതാണ് ടോൾ പ്ലാസ ജീവനക്കാരനെ പ്രകോപിപ്പിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. മർദ്ദനമേറ്റ വിഷ്ണുവിനെ മുളങ്കുന്നത്തുകാവിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കണ്ടക്ടർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് ടോൾ പ്ലാസ വഴി എത്തിയ എല്ലാ സ്വകാര്യ ബസുകളും ടോൾ പ്ലാസയിൽ നിറുത്തിയിട്ടു. ജീവനക്കാർ ടോൾ പ്ലാസ ഓഫീസിനു മുന്നിൽ തടിച്ചുകൂടി. കണ്ടക്ടറെ മർദ്ദിച്ച ടോൾ പ്ലാസ ജീവനക്കാരനെ അറസ്റ്റുചെയ്യുക, മർദനമേറ്റ കണ്ടക്ടറുടെ ചികിത്സാച്ചെലവ് ടോൾ കമ്പനി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
പുതുക്കാട് സി.ഐ: എസ്.പി. സുധീരന്റെ നേതൃത്വത്തിൽ ടോൾ പ്ലാസ ജീവനക്കാരും ബസ് തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് ബസ് പണിമുടക്ക് പിൻവലിച്ചു.