ചാലക്കുടി: കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന ചാലക്കുടിക്ക് ആശ്വാസമായി പരിശോധനാ ഫലം. താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളതടക്കം 12 പേരുടെ സ്രവം പരിശോധിച്ചതിന്റെ ഫലമാണ് നെഗറ്റീവ് ആണെന്ന് വ്യക്തമായത്. ഇതോടെ ഇവരെ പറഞ്ഞു വിട്ടു. ഇനി എട്ടുപേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധനാ ഫലം അടുത്ത ദിവസം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യം സംശയിച്ചവർക്ക് ആർക്കും കൊറോണ വൈറസ് ഇല്ലെന്ന് വ്യക്തമായെങ്കിലും കനത്ത ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം.
നഗരസഭയുടെ നേതൃത്വത്തിൽ കൊറോണ വൈറസ് രോഗബാധ സംബന്ധിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ ക്ലാസെടുത്തു. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജ സദാനന്ദൻ തടങ്ങിയർ സംസാരിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ മുന്നോടി നഗരസഭ വ്യാഴാഴ്ച പൊതു സ്ഥലങ്ങളിൽ മൈക്ക് പ്രചരണം നടത്തി. ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ച മുൻ കരുതലുകളാണ് എല്ലാ വാർഡുകളിലുമായി നടത്തിയത്.